പ്രവാസികളുടെ സ്‌പോൺസർഷിപ്പ് വ്യവസ്ഥാ ഭേദഗതി തൊഴിൽ മാറ്റം സ്‌പോൺസറെ അറിയിച്ചു മാത്രം
സൗദിയിലെ തൊഴിൽ മാറ്റം സ്‌പോൺസറെ അറിയിച്ചു മാത്രമേ സാധ്യമാകുവെന്ന് മാനവ വിഭവശേഷി മന്ത്രാലയം. തൊഴിൽ കരാർ അവസാനിച്ചാൽ സ്‌പോൺസറുടെ അനുമതിവേണ്ട. അടുത്ത മാർച്ച് മുതൽ നടപ്പിലാക്കാനിരിക്കുന്ന സ്‌പോൺസർഷിപ്പ് വ്യവസ്ഥാ ഭേദഗതിയെ സംബന്ധിച്ചാണ് മന്ത്രാലയം വ്യക്തമാക്കിയത്.അടുത്ത വർഷം മാർച്ച് 14 മുതൽ നടപ്പിലാക്കുന്ന സ്‌പോൺസർഷിപ്പ് വ്യവസ്ഥാ ഭേദഗതിയിൽ തൊഴിൽ മാറ്റം സ്‌പോൺസറെ അറിയിച്ചു മാത്രമേ സാധ്യമാകുവെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. നിലവിലുള്ള തൊഴിൽ കരാറിന്റെ കാലാവധി കഴിയാതെയുള്ള തൊഴിൽ മാറ്റത്തിനു സ്‌പോൺസറുടെ അനുമതി നിർബന്ധമാണ്. എന്നാൽ തൊഴിൽ കരാർ അവസാനിച്ചാൽ മറ്റൊരു സ്ഥാപനത്തിലേക്ക് മാറുന്നതിനു സ്‌പോൺസറുടെ സമ്മതം ആവശ്യമില്ലെന്നതാണ് പുതിയ ഭേദഗതിയുടെ പ്രത്യേകത.അതേസമയം ഇഖാമ പുതുക്കാതിരിക്കൽ, ശമ്പളം നൽകാതിരിക്കാൻ, തൊഴിലാളി ഒളിച്ചോടിയതായി വ്യാജ രേഖയുണ്ടാക്കൽ തുടങ്ങിയ നിയമ ലംഘനങ്ങൾക്ക് പുതിയ ഭേദഗതി അറുതിവരുത്തുമെന്നാണ് വിലയിരുത്തൽ. ഏഴു ദശകത്തോളമായി നിലനിൽക്കുന്ന സ്‌പോൺസർഷിപ്പ് സമ്പ്രദായത്തിനാണ് മാറ്റം വരുന്നത്. സൗദിയിൽ ജോലിചെയ്യുന്ന ദശലക്ഷക്കണക്കിന് വിദേശ തൊഴിലാളികൾക്ക് ഏറെ ഗുണകരമാകുന്ന തൊഴിൽ പരിഷ്‌ക്കാരങ്ങളാണ് അടുത്ത മാർച്ചിൽ മാനവ വിഭവശേഷി സാമൂഹ്യ വികസന മന്ത്രാലയം നടപ്പിലാക്കുന്നത്.