ഇരട്ടക്കൊലപാതക കേസ് വിചാരണ 19 ലേക്ക് മാറ്റി

0

പ്രമാദമായ കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകക്കേസില്‍ ഇന്നലെ തുടങ്ങാനിരുന്ന വിചാരണാ നടപടികള്‍ നീട്ടിവെച്ചു.വിചാരണക്കായി ഏഴുസാക്ഷികളും ജില്ലാ കോടതിയില്‍ ഹാജരായെങ്കിലും കോടതിയിലെ ജീവനക്കാരിലൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വിചാരണ ഈ മാസം 19 ലേക്ക് മാറ്റിയത്.

2018 ജൂലൈ ആറിന് വെള്ളമുണ്ട കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍(26),ഭാര്യ ഫാത്തിമ(19) എന്നിവര്‍ വെട്ടേറ്റ് കൊല്ലപ്പെട്ടകേസിലെ വിചാരണയാണ് ഇന്നലെ ജില്ലാ കോടതിയില്‍ തുടങ്ങാനിരുന്നത്.72 സാക്ഷികളുള്ള കുറ്റപത്രത്തിലെ ഒന്ന് മുതല്‍ ഏഴുവരെയള്ള സാക്ഷികളെയായിരുന്നു ഇന്നലെ വിചാരണക്കായി കോടിയിലേക്ക് വിളിപ്പിച്ചത്.

ഇവര്‍ ഏഴുപേരും കോടയിലെത്തിയിരുന്നു.സംഭവത്തില്‍ ജാമ്യം ലഭിക്കാതെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതി തൊട്ടില്‍പ്പാലം സ്വദേശി കലുങ്ങോട്ടുമ്മല്‍ മരുതോറയില്‍ വിശ്വന്‍ എന്ന വിശ്വനാഥനെയും കോടതിയിലെത്തിച്ചിരുന്നു.എന്നാല്‍ കോടതി നടപടികളാരംഭിക്കുന്നതിന് മുമ്പായാണ് കോടതി ജീവനക്കാരിലൊരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായുള്ള വിവരമെത്തുന്നത്. ഇതോടെ വിചാരണ ഈ മാസം 19 ലേക്ക് മാറ്റിവെക്കുകയാണുണ്ടായത്.

ദമ്പതികളെ കൊലപ്പെടുത്തി പത്ത് പവനോളം സ്വര്‍ണ്ണാഭരണമായിരുന്നു പ്രതി മോഷണം നടത്തിയത്..ഏറെ പ്രമാദമായ കേസ് മാനന്തവാടി ഡി വൈ എസ് പി കെ ദേവസ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരുന്നു അന്വേഷിച്ച് പ്രതിയെ കണ്ടെത്തിയത്.അന്വേഷണസംഘത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!