കൊവിഡ് കാലത്ത് സൗദിയിൽ നിന്ന് നാട്ടിലെത്തിയത് 2,32,556 ഇന്ത്യക്കാർ
കൊവിഡ് കാലത്ത് സൗദിയിൽ കുടുങ്ങിയ 2,32,556 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ്. 1,295 വിമാനസർവിസുകളിലൂടെയാണ് ഇത് സാധിച്ചതെന്ന് ജിദ്ദയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇതിൽ 1,011 ചാർട്ടേഡ് വിമാനങ്ങളും 276 എണ്ണം വന്ദേഭാരത് മിഷൻ പദ്ധതി പ്രകാരമുള്ള സർവീസുകളുമായിരുന്നു. സൗദിയിലെ പൊതുമാപ്പ് കാലത്ത് പോലും കേവലം 75,000 ഇന്ത്യക്കാരെ മാത്രമേ നാട്ടിലെത്തിക്കാൻ സാധിച്ചിരുന്നുള്ളൂ എന്നത് വെച്ച് നോക്കുമ്പോൾ ഇത് വലിയ നേട്ടമായി അംബാസഡർ എടുത്തുപറഞ്ഞു. സൗദിയിലെ വിവിധ ജയിലുകളിൽ നിന്ന് ശിക്ഷാകാലാവധി പൂർത്തിയാക്കി മോചിതരായ 2,200 പേരെയും നാട്ടിലെത്തിച്ചു. സൗദി സൈനികകാര്യ വകുപ്പിന്റെ സഹകരണത്തോടെ മുഴുവൻ ആരോഗ്യ മുൻകരുതലുകളും പൂർത്തിയാക്കിയാണ് ഇത്രയും പേരെ ഇന്ത്യയിലെത്തിച്ചത്. ഈ ഗണത്തിൽ കുറച്ചുപേർ കൂടി ബാക്കിയുണ്ട്. അടുത്ത ദിവസങ്ങളിലായി അവരും നാടണയും.