ഭക്ഷ്യവിഷബാധ; സംസ്ഥാനത്തെ സ്‌കൂളുകളില്‍ പരിശോധന തുടരുന്നു

0

വിദ്യാര്‍ത്ഥികളിലെ ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ നടത്തുന്ന പരിശോധന ഇന്നും തുടരും. ആരോഗ്യ വിദ്യാഭ്യാസ ഭക്ഷ്യ വകുപ്പുകളാണ് പരിശോധന നടത്തുന്നത്. വിദ്യാഭ്യാസ വകുപ്പ് പാചകപ്പുരയിലെ പാത്രങ്ങള്‍ സംബന്ധിച്ച് നടത്തിയ പരിശോധന റിപ്പോര്‍ട്ട് ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറും.കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയിലെ സ്‌കൂളില്‍ അരി വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ചതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇത്തരം സ്‌കൂളുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാണ് അധികൃതരുടെ തീരുമാനം.

കുട്ടികളുടെ ആരോഗ്യമാണ് സര്‍ക്കാരിന് മുഖ്യമെന്ന് മന്ത്രി വി ശിവന്‍കുട്ടി ഇന്നലെ സ്‌കൂളുകള്‍ സന്ദര്‍ശിച്ച ശേഷം പറഞ്ഞിരുന്നു. സ്‌കൂളുകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. അധ്യാപകരും മാതാപിതാക്കളും ശ്രദ്ധ പുലര്‍ത്തണം. സ്‌കൂളുകളിലെ പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി പറഞ്ഞു.ഇന്നലെ കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ജിയുപി സ്‌ക്കൂളില്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നേരിട്ടെത്തിയാണ് പരിശോധന നടത്തിയത്. വിഷയത്തെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ സമീപിക്കുന്നത്. ഉച്ചഭക്ഷണ വിതരണം സുരക്ഷിതമാക്കാന്‍ ജനകീയ ഇടപെടലിനൊപ്പം രക്ഷിതാക്കളുടെ ഇടപെടലും വേണമെന്ന് മന്ത്രി പറഞ്ഞു

 

Leave A Reply

Your email address will not be published.

error: Content is protected !!