കെഎസ്ആര്‍ടിസിയുടേത് ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ പരസ്യങ്ങളും ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന് ഹൈക്കോടതി. മറ്റു വാഹന ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്ന തരത്തിലുള്ള പരസ്യം പാടില്ലെന്നും പൊതുജന സുരക്ഷ അപകടത്തിലാക്കിക്കൊണ്ട് പരസ്യത്തിലൂടെ അധികവരുമാനമുണ്ടാക്കരുതെന്നും ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്റെ ബെഞ്ച് വ്യക്തമാക്കി.നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസിനു പിന്നിലിടിച്ച ബൈക്കിലെ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കെ എം സജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
ദേശീയപാതയോരങ്ങളില് ഇത്തരം ആകര്ഷകങ്ങളായ പരസ്യങ്ങള്ക്ക് നിയന്ത്രണമുണ്ട്. എന്നാലും പലയിടങ്ങളിലും ഇവ സ്ഥാപിച്ചിട്ടുള്ളതിനാല് കേന്ദ്ര റോഡ് ഗതാഗതമന്ത്രാലയം റിപ്പോര്ട്ട് തേടിയിട്ടുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകള്‍ ദേശീയപാതയില്‍ ഓടുന്നതിനാല്‍ പരസ്യങ്ങള്‍ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റേത് ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ ജനാലച്ചില്ലുകളില്‍ കാഴ്ച മറയ്ക്കും വിധം ഒട്ടിക്കലുകളോ കര്‍ട്ടനുകളോ ഇല്ലെന്ന് ഉറപ്പാക്കണമെന്നും വാഹനങ്ങളില്‍ ഓപ്പറേറ്ററുടെ വിലാസം പ്രദര്‍ശിപ്പിക്കാന്‍ ഉദ്ദേശിച്ച സ്ഥലത്തും പരസ്യം പാടില്ലെന്നും കോടതി വ്യക്തമാക്കി.
എന്നാല് കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‌സ് റദ്ദാക്കിയ നടപടി കോടതി റദ്ദാക്കി. യാന്ത്രികമായി ഉത്തരവ് പുറപ്പെടുവിച്ചതിനാല്‍ സസ്‌പെന്‍ഷന്‍ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് ഉത്തരവ് റദ്ദാക്കിയത്. മോട്ടോര്‍ വാഹന ചട്ടങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കോടതിയുടെ മറ്റു പ്രധാന നിര്‍ദേശങ്ങള്‍
• വാഹനങ്ങളുടെ വിന്‌ഡോ ഗ്ലാസുകളില് കാഴ്ച മറയ്ക്കുന്ന തരത്തില് ഫിലിം ഒട്ടിക്കുകയോ കര്ട്ടനിടുകയോ ചെയ്യുന്നില്ലെന്ന് ട്രാന്‌സ്‌പോര്ട്ട് കമ്മീഷണര് ഉറപ്പാക്കണം. സര്ക്കാര്‍ വാഹനങ്ങള്ക്കും ഇതു ബാധകമാണ്.
• ഹെഡ് ലൈറ്റ്, ടെയ്ല്‍ ലൈറ്റ് എന്നിവയ്ക്കു മീതെ സ്റ്റിക്കറും മറ്റും പതിപ്പിച്ച് ഉപയോഗിക്കാന്‍ അനുവദിക്കരുത്
• എല്‍ഇഡി ബാര്‍ ലൈറ്റുകളും സ്ട്രിപ് ലൈറ്റുകളും ഘടിപ്പിക്കരുത്
• ഇന്‍ഡിക്കേറ്ററുകള്‍, സിഗ്‌നലിങ് സംവിധാനം, റിഫ്‌ലക്ടര്‍, ലാംപ്, പാര്‍ക്കിങ് ലൈറ്റ് എന്നിവ പ്രവര്‍ത്തനക്ഷമമല്ലാത്ത വാഹനങ്ങള്‍ പൊതുനിരത്തിലിറക്കാന്‍ അനുവദിക്കരുത്
• മതിയായ വെളിച്ചമില്ലാത്തിടത്ത് പാര്‍ക്കിങ് ലൈറ്റ് ഇല്ലാതെ വാഹനങ്ങള്‍ നിര്‍ത്തിയിടരുത്
• എമര്‍ജന്‍സി ഡ്യൂട്ടിക്കുള്ള വാഹനങ്ങളിലൊഴികെ നീല, ചുവപ്പ്, വെള്ള ലൈറ്റുകള്‍ മീതെ ഘടിപ്പിക്കരുത്