തഹസില്‍ദാര്‍ക്കെതിരെ കേസ് എടുക്കണമെന്ന്  ആദിവാസി വനിതാ വിഭാഗം

0

വൈത്തിരി തഹസില്‍ദാര്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമം പ്രകാരം കേസെടുക്കണമെന്ന് ആദിവാസി വനിതാ പ്രസ്ഥാനം കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.പട്ടികവര്‍ഗ യുവാവിന് ഉപരി പഠനത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചെന്ന പരാതിയില്‍ തഹസില്‍ദാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശയുമായി പട്ടികജാതി ഗോത്രവര്‍ഗ കമ്മീഷന്‍.

വൈത്തിരി തഹസില്‍ദാര്‍ അബ്ദുള്‍ ഹാരിസ് തല്‍സ്ഥാനത്ത് തുടരുന്നത് ശരിയാണോയെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി പരിശോധിച്ച് തീരുമാനമെടുക്കണമെന്നാണ് കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി ഉത്തരവിട്ടത്.മുട്ടില്‍ അമ്പുകുത്തി കാവനാല്‍ ഡോ. വി.പി അഭിജിത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച വിഷയത്തില്‍ ഊര് ട്രസ്റ്റ് സെക്രട്ടറി ഡോ. കെ.ടി റെജികുമാര്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ അഭിജിത് എം.ഡി പഠനത്തിനാണ് ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. തഹസില്‍ദാര്‍ തടസമുന്നയിച്ചതിനെ തുടര്‍ന്ന് വയനാട് കലക്ടര്‍ക്ക് അപ്പീല്‍ നല്‍കി. തുടര്‍ന്ന് തഹസില്‍ദാരുടെ റിപ്പോര്‍ട്ട് നിഷേധിക്കാതെ ഉപാധികളോടെ വിദ്യഭ്യാസ ആവശ്യത്തിന് മാത്രം മാതാവിന്റെ ജാതിയില്‍ ഉള്‍പ്പെടുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ കലക്ടര്‍ ഉത്തരവിടുകയായിരുന്നു. ഇതുപ്രകാരം ജാതി സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ ജാതീയമായി അപമാനിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പട്ടികജാതി-പട്ടിക ഗോത്രവര്‍ഗ കമ്മീഷന് പരാതി നല്‍കിയത്. കമ്മീഷന്‍ ഉത്തരവില്‍ ഉദ്യോഗസ്ഥ വീഴ്ച ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ തഹസില്‍ദാര്‍ ഹാരിസിനെതിരെ പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമം പ്രകാരം കേസെടുക്കണമെന്ന് ആദിവാസി വനിതാ പ്രസ്ഥാനം നേതാക്കളായ കെ അമ്മിണി, എ.എസ്. മല്ലിക, എ.എസ് ബീന എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!