കേരളത്തില്‍ മങ്കിപോക്‌സ്

0

സംസ്ഥാനത്ത് കുരങ്ങ് വസൂരി (മങ്കിപോക്‌സ്) സംശയിച്ച് ഒരാള്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇയാളില്‍ നിന്ന് ശേഖരിച്ച സാംപിള്‍ പുണെയിലെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. വൈകിട്ട് പരിശോധനാഫലം ലഭിച്ചശേഷമേ ഇക്കാര്യം സ്ഥരീകരിക്കാനാകൂവെന്ന് മന്ത്രി അറിയിച്ചു. യുഎഇയില്‍നിന്ന് കേരളത്തില്‍ എത്തിയ ആളാണ് നിരീക്ഷണത്തിലുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. ഇയാള്‍ക്ക് കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കമില്ലെന്നും മന്ത്രി വിശദീകരിച്ചു. മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടുള്ള രാജ്യമാണ് യുഎഇ.

കുരങ്ങില്‍ നിന്നു പടരുന്ന വൈറല്‍ പനി മനുഷ്യരില്‍ വ്യാപകമായി പടരില്ലെങ്കിലും ലൈംഗികബന്ധം പോലെ അടുത്ത സമ്പര്‍ക്കം വഴി പകരാനിടയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വസൂരിയെ നേരിടാന്‍ ഉപയോഗിച്ചിരുന്ന വാക്‌സീനാണ് നിലവില്‍ മങ്കിപോക്‌സിനും നല്‍കുന്നത്. ഇത് 85% ഫലപ്രദമാണ്. 1960 ല്‍ കോംഗോയിലാണ് മങ്കിപോക്‌സ് ആദ്യമായി കണ്ടെത്തിയത്. പനി, തലവേദന, ദേഹത്ത് ചിക്കന്‍പോക്‌സിനു സമാനമായ കുരുക്കള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. പരോക്ഷമായി രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആശങ്കപ്പെടാനില്ലെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം.ആഫ്രിക്കയില്‍ നിന്നു മറ്റു രാജ്യങ്ങളിലേക്കു വ്യാപിക്കുന്ന മങ്കിപോക്‌സ് കേസുകളില്‍ വന്‍ വര്‍ധനവുണ്ടെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരാഴ്ചയ്ക്കിടെ 77% ആണ് വര്‍ധന. ഈ മാസം എട്ടാം തിയതി പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം 59 രാജ്യങ്ങളിലായി ആകെ 6027 കേസുകളാണ് നിലവിലുള്ളത്. ഈ പശ്ചാത്തലത്തില്‍ പ്രത്യേക യോഗം ചേരാനുള്ള നീക്കത്തിലാണ് ലോകാരോഗ്യ സംഘടന. കോവിഡിനു സമാനമായി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതുണ്ടോയെന്ന കാര്യമാകും യോഗം ചര്‍ച്ച ചെയ്യുക.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വര്‍ഷങ്ങളായി നാശം വിതയ്ക്കുന്ന ഈ രോഗം യൂറോപ്പിലേക്കു പടര്‍ന്നപ്പോള്‍ മാത്രമാണ് ലോകാരോഗ്യ സംഘടന ഗൗരവമായി പരിഗണിച്ചതെന്ന വിമര്‍ശനമുണ്ട്. 2017 ല്‍ നൈജീരിയയില്‍ ഈ രോഗം ബാധിച്ചവരില്‍ 10% പേരും മരിച്ചപ്പോഴും നടപടിയുണ്ടായില്ലെന്ന ആക്ഷേപവുമുണ്ട്.പല രാജ്യങ്ങളിലും മങ്കിപോക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍, രാജ്യാന്തര യാത്രക്കാരെ നിരീക്ഷിക്കുന്നതിന് ഈ മാസം ആദ്യം ആരോഗ്യമന്ത്രാലയം വിശദമായ മാര്‍ഗരേഖയിറക്കിയിരുന്നു.

*പരിശോധന എപ്പോള്‍

പിസിആര്‍ പരിശോധന സാധ്യമാകുന്ന ഏതു ലബോറട്ടറിയിലും മങ്കിപോക്‌സ് പരിശോധിക്കാം. പൊട്ടിയൊലിക്കുന്ന സ്രവം, രക്തം, മൂത്രം തുടങ്ങി സാംപിള്‍ ലാബിലെത്തിച്ചുള്ള പിസിആര്‍ പരിശോധനയും ജനിതക ശ്രേണീകരണവും വഴിയാണ് സ്ഥിരീകരണം. പോസിറ്റീവാകുന്ന എല്ലാ സാംപിളുകളും പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കണം.

*വൈറസ് ബാധയേറ്റാലും ലക്ഷണം കാട്ടിത്തുടങ്ങാന്‍ 6 മുതല്‍ 13 ദിവസമെടുക്കും. ഇതു 521 ദിവസം വരെ നീളാം. രോഗം 2 മുതല്‍ 4 ആഴ്ച വരെ തുടരാം.

*വൈറസ് ബാധയെ തുടര്‍ന്നുള്ള പാടുകള്‍ ശരീരത്തില്‍ കണ്ടു തുടങ്ങുന്നതിനു 2 ദിവസം മുന്‍പു മുതല്‍ ഇത് ഇല്ലാതാകുന്നതു വരെ വൈറസ് മറ്റുള്ളവരിലേക്കു പടരാം.

*എത്രമാത്രം ഗൗരവകരം

മങ്കിപോക്‌സ് ഏറ്റവും ഗുരുതരമാകുക കുട്ടികളിലും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലുമുള്ളവരിലുമാണ്. മരണനിരക്ക് 11% വരെയാകാം. ഐസലേഷനിലായിരിക്കെ, കാഴ്ച മങ്ങുന്നതും ശ്വാസം തടസപ്പെടുന്നതും കരുതലോടെ കാണണം. മൂത്രത്തിന്റെ അളവ് കുറയുന്നതും മന്ദതയും ആഹാരം കഴിക്കാന്‍ തോന്നാത്താതും ശ്രദ്ധിക്കണം.

 

Leave A Reply

Your email address will not be published.

error: Content is protected !!