നെയ്യാറില്‍ സുഖ ചികിത്സയ്‌ക്കെത്തി ജീവനക്കാരെയും നാട്ടുകാരെയും ആശങ്കയിലാക്കിയ വയനാടന്‍ സുന്ദരിയായ കടുവ ഇനി നെയ്യാറിന്റെ സ്വന്തം വൈഗ. ശനിയാഴ്ച ഉച്ചയോടെ ഇരുമ്ബുകൂട് പൊട്ടിച്ച് കടുവ പുറത്തുചാടിയ കടുവയെ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ ആര്‍.ആര്‍.ടി സംഘം മയക്കുവെടി വച്ചാണ് പിടികൂടിയത്. മന്ത്രി കെ. രാജുവിന്റെ സാന്നിദ്ധ്യത്തില്‍ പേരിടല്‍ ചടങ്ങും നടന്നു. വനംവകുപ്പ് വെറ്ററിനറി ഡോ. ഷിജു യാദൃശ്ചികമായി വൈഗ എന്ന് കടുവയെ വിളിച്ചപ്പോള്‍ ‘ നല്ല പേരാണല്ലോ എന്നാല്‍ ഇനി പേര് അങ്ങനെ തന്നെയാട്ടെ ‘ എന്നാണ് മന്ത്രി പറഞ്ഞത്.
പേരിന് ഡി.എഫ്.ഒ ജെ.ആര്‍. അനിയും പിന്തുണ നല്‍കി. കടുവ പുറത്തുചാടിയ സംഭവത്തെക്കുറിച്ച് വിലയിരുത്താനാണ് മന്ത്രിയെത്തിയത്. നല്ല ശൗര്യമുണ്ട്, കൂടൊക്കെ ബലപ്പെടുത്തണമെന്നും ഉദ്യോഗസ്ഥരോട് മന്ത്രി പറഞ്ഞു. വയനാട് ചീയമ്ബം മേഖലയെ ഭീതിയിലാഴ്ത്തിയ ഒമ്ബതുവയസുള്ള പെണ്‍കടുവയെ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘവും റാപ്പിഡ് റെസ്‌പോണ്‍സ് സംഘവും ചേര്‍ന്ന് പിടികൂടി പ്രത്യേക അനുമതി വാങ്ങിയാണ് നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കിലെത്തിച്ചത്.