വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

0

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നു. അതേസമയം ബുധനാഴ്ച ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന ന്യൂനമര്‍ദം രണ്ട് ദിവസം വൈകി ജൂലൈ 23 ഓടെയായിരിക്കും രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

എന്നാലും മഹാരാഷ്ട്ര മുതല്‍ കര്‍ണാടക തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ പാത്തിയുടെ സ്വാധീനത്തില്‍ കേരളത്തില്‍ പ്രത്യേകിച്ച് മധ്യ വടക്കന്‍ കേരളത്തില്‍ മഴ തുടരാനാണ് സാധ്യത. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും മണിക്കൂറില്‍ പരമാവധി 60 കിമി വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് വ്യാഴാഴ്ച വരെ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. കടലാക്രമണ സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും ജാഗ്രത പാലിക്കണം.

Leave A Reply

Your email address will not be published.

error: Content is protected !!