കാലവര്‍ഷത്തില്‍ ദുരിതമനുഭവിച്ചവര്‍ക്ക് കൈതാങ്ങുമായി വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍.
ജില്ലയിലെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ വയനാട് ടൂറിസം ഓര്‍ഗനൈസേഷനാണ് ദുരിതബാധിതരെ സഹായിക്കുന്നതിനായി മുന്നോട്ട് വന്നിരിക്കുന്നത്. കാലവര്‍ഷത്തില്‍ താമസസ്ഥലത്ത് വെള്ളം കയറി ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടേണ്ടി വന്നവര്‍ക്കും കോളനികളില്‍ അവശതയനുഭവിക്കുന്നവര്‍ക്കുമാണ് സംഘടന നേരിട്ട് സഹായമെത്തിക്കുന്നത്. കഴിഞ്ഞ മാസം ഉരുള്‍പ്പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ക്യാമ്പുകളില്‍ കഴിയേണ്ടി വന്ന വെള്ളമുണ്ട വാളാരംകുന്ന് കോളനിയിലെ 60 കുടുംബങ്ങള്‍ക്കും ബാണാസുര ഡാം തുറന്നതിനെ തുടര്‍ന്ന് ദുരിതത്തിലായ മൊതക്കര കൊച്ചാറ കോളനിയിലെ 40 കുടുംബങ്ങള്‍ക്കും കഴിഞ്ഞ ദിവസം കമ്പിളിപുതപ്പുകള്‍ വിതരണം ചെയ്തു. സംഘടനാഭാരവാഹികളായ സി സി അഷ്റഫ്, ബാബു വൈദ്യര്‍, വില്ലേജ് ഓഫീസര്‍ സന്ദീപ്, എന്നിവരുടെ നേതൃത്വത്തിലാണ് പുതപ്പുകള്‍ വിതരണം നടത്തിയത്. വൈത്തിരി താലൂക്കിലെ കോട്ടത്തറ വൈശ്യന്‍ കോളനിയിലെ 18 കുടുംബങ്ങള്‍ക്ക് വീടിന്റെ ചോര്‍ച്ച തടയുന്നതിനായി റവന്യു ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ടാര്‍പോളിന്‍ ഷീറ്റുകളും അരണമല കോളനിയിലെ മൂന്ന് കുടുംബങ്ങള്‍ക്കാവശ്യമായ ഭക്ഷണക്കിറ്റുകളും കഴിഞ്ഞ ദിവസങ്ങളില്‍ വിതരണം ചെയ്തിരുന്നു. കാവുംമന്ദം പൊയില്‍ കോളനിയലെ 28 കുടുംബങ്ങള്‍ക്കുള്ള കമ്പിളിപ്പുതപ്പും കഴിഞ്ഞ ദിവസം നല്‍കുകയുണ്ടായി. ദുരിതമനുഭവിക്കുന്നവര്‍ക്ക് തുടര്‍ന്നും സഹായങ്ങള്‍ നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.