ബിപിഎല്‍ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര: മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് മിനിമം 5 രൂപ

0

ബിപിഎല്‍ കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കു ബസ് യാത്ര പൂര്‍ണമായി സൗജന്യമാക്കാന്‍ തീരുമാനിച്ചു. മറ്റു വിഭാഗങ്ങളിലുള്ളവര്‍ക്കെല്ലാം യാത്രാനിരക്ക് വര്‍ധിപ്പിക്കും. ഇതിന്റെ തോതും എന്നു മുതല്‍ നടപ്പിലാക്കണമെന്നും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷമാകും തീരുമാനിക്കുക. രാത്രിയാത്രയ്ക്ക് അധിക നിരക്ക് ഈടാക്കുന്നതും പരിഗണനയിലുണ്ട്.ബസ് നിരക്കു വര്‍ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനമെടുത്തത്.

വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ സംബന്ധിച്ച് ഇനി ചര്‍ച്ചയുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ കുടുംബവരുമാനം നോക്കാതെ എല്ലാ വിഭാഗം വിദ്യാര്‍ഥികള്‍ക്കും ഒരുപോലെയാണു കണ്‍സഷന്‍ നല്‍കുന്നത്. കുടുംബം വരുമാനം അടിസ്ഥാനമാക്കി റേഷന്‍ കാര്‍ഡ് മാനദണ്ഡമാക്കിയാകും ഇതില്‍ മാറ്റം വരുത്തുക. മഞ്ഞ റേഷന്‍ കാര്‍ഡുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണു സൗജന്യ യാത്ര ഉദ്ദേശിക്കുന്നത്.

മറ്റു ബസ് യാത്രകള്‍ക്കു മിനിമം നിരക്ക് 10 രൂപ, കിലോമീറ്ററിന് 90 പൈസ, വിദ്യാര്‍ഥികള്‍ക്കു മിനിമം നിരക്ക് 5 രൂപ എന്നിവയാണു രാമചന്ദ്രന്‍ കമ്മിറ്റി നിര്‍ദേശിച്ചതെന്നും ഇതു ബസ് ഉടമകളുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്താണു പൊതു നിര്‍ദേശത്തിലേക്കു വന്നതെന്നും മന്ത്രി അറിയിച്ചു. നിലവില്‍ ഒരു രൂപയാണ് വിദ്യാര്‍ഥികളുടെ മിനിമം നിരക്ക്.

രാത്രിയാത്രയ്ക്ക് അധിക നിരക്ക് ഈടാക്കാനും ശുപാര്‍ശയുണ്ട്. രാത്രിയില്‍ ബസുകളുടെ കുറവു മൂലം ജനങ്ങള്‍ വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോഴാണു നിരക്കു കൂട്ടിയാല്‍ കൂടുതല്‍ ബസുകള്‍ സര്‍വീസിന് ഇറക്കാമെന്ന നിര്‍ദേശം ഉടമകള്‍ മുന്നോട്ടു വച്ചത്.

രാത്രി 8 മുതലാണോ 9 മുതലാണോ ചാര്‍ജ് വര്‍ധന നടപ്പാക്കേണ്ടതെന്നു പിന്നീടു തീരുമാനിക്കും. കൂടിയ നിരക്ക് രാവിലെ 6 വരെ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. നിരക്കു വര്‍ധന അനിവാര്യമാണെന്നാണു ചര്‍ച്ചയില്‍ പൊതുവായി ഉണ്ടായ ധാരണ. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളില്‍ കണ്‍സഷന്‍ നിരക്ക് ഏകീകരിക്കില്ല. ബസ് ഉടമകളുമായി ഇനിയും ചര്‍ച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി .

കോവിഡ് കാലത്തു യാത്രക്കാരുടെ എണ്ണം കുറഞ്ഞപ്പോള്‍ ബസ് നിരക്കു വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് കെഎസ്ആര്‍ടിസി സൂപ്പര്‍ ക്ലാസ് ബസുകളില്‍ 25% നിരക്ക് കുറച്ചു. കോവിഡിനു ശേഷം പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!