ഹരിത കേരള മിഷന്‍ ആവിഷ്‌കരിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പൂര്‍ത്തിയായത് 33 പച്ചത്തുരുത്തുകള്‍. പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അദ്ധ്യക്ഷത വഹിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ആയിരം പച്ചത്തുരുത്തുകള്‍ സംസ്ഥാനത്ത് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതി 1261 എന്ന ലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്നു.തദ്ദേശ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവര്‍ത്തനത്തിന്റെ ഫലമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ പച്ചത്തുരുത്തും ജൈവ വൈവിധ്യത്തിന്റെ മാതൃകയാണ്. ഓരോ പ്രദേശത്തിനും അനുയോജ്യമായ തരത്തില്‍ വൃക്ഷകള്‍, കുറ്റിച്ചെടികള്‍, ഔഷധ സസ്യങ്ങള്‍, ജൈവ വേലി എന്നിവയോട് കൂടിയാണ് തുരുത്തുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇതിലൂടെ പ്രകൃതിയെ പരിപാലിച്ച് വളര്‍ത്തണമെന്ന ബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
തദ്ദേശ സ്ഥാപന പരിധിയില്‍ പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ പൊതുസ്ഥലമില്ലെങ്കില്‍ ആ പ്രദേശത്ത് സന്നദ്ധരായ സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ അവ നിര്‍മ്മിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. അതിലൂടെ സംസ്ഥാനത്തെ കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശമായി മാറ്റാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ 26 തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നായി 18.66 ഏക്കര്‍ ഭൂമിയിലാണ് പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ചിട്ടുള്ളത്. തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെയാണ് തദ്ദേശ സ്ഥാപനങ്ങളില്‍ പദ്ധതി നടപ്പിലാക്കുന്നത്.
തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍. കേളു എം.എല്‍.എ, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാലി വര്‍ഗീസ്, സെക്രട്ടറി എന്‍. അനില്‍ കുമാര്‍, ഹരിത കേരളം റിസോര്‍സ് പേഴ്സണ്‍ എം.ആര്‍. പ്രഭാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ സി.കെ. ശശീന്ദ്രന്‍ എംഎല്‍.എ, നഗരസഭ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് എന്നിവര്‍ പങ്കെടുത്തു. സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ നടന്ന ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ജിഷ ഷാജി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.കെ. സഹദേവന്‍, ബാബു അബ്ദുള്‍ റഹ്‌മാന്‍, വത്സ ജോസ്, പി.കെ. സുമതി, സെക്രട്ടറി അലി അസ്ഹര്‍, നഗരസഭ കൗണ്‍സില്‍ മുതിര്‍ന്ന അംഗം എന്‍.എം. വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.