റേഷന്‍ വിതരണപ്രശ്‌നം: ഇ-പോസ് പരിശോധിക്കാന്‍ വിദഗ്ധസംഘം 

0

എല്ലാ മാസവും റേഷന്‍ വിതരണം തടടസപ്പെടുന്നതായി പരാതി ഉയരുന്നതിനാല്‍ ഇ-പോസ് യന്ത്രത്തകരാര്‍ പരിഹരിക്കാന്‍ വിദഗ്ധ പരിശോധനക്കൊരുങ്ങി സര്‍ക്കാര്‍. സെര്‍വറിന്റെ മേല്‍നോട്ടച്ചുമതലയുള്ള ഹൈദരാബാദിലെ നാഷണല്‍ ഇന്‍ഫര്‍മാന്റിക് സെന്ററിലെ വിദഗ്ധസംഘത്തിന്റെ പരിശോധന തിങ്കളാഴ്ച നടക്കും.

എല്ലാമാസവും അവസാനദിവസങ്ങളില്‍മാത്രം വിതരണം തടസ്സപ്പെടുന്നതിനെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സാങ്കേതികതടസ്സം പതിവായതിനാല്‍ ഭക്ഷ്യവകുപ്പ് എന്‍.ഐ.സി.ക്ക് കത്തയയ്ക്കുകയായിരുന്നു. ഇതില്‍ പരിഹാരമില്ലെങ്കില്‍ കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയലുമായി ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ കൂടിക്കാഴ്ച നടത്തും.അഞ്ചുവര്‍ഷംമുമ്പ് നല്‍കിയ ഇ-പോസ് യന്ത്രങ്ങള്‍ സമഗ്രപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് റേഷന്‍ വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു.

2017 മുതല്‍ എല്ലാ റേഷന്‍കടകളിലും ഇ-പോസ് വഴിയാണ് റേഷന്‍ വിതരണം. റേഷന്‍ കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം എന്ന ആപ്ലിക്കേഷന്‍ വഴിയാണ് പ്രവര്‍ത്തനം.

കാര്‍ഡിലെ പേരുകാരില്‍ വാങ്ങാന്‍ ചെന്നയാളുടെ വിരലടയാളം അതില്‍ പതിപ്പിക്കുമ്പോള്‍ ഈ വിവരം ഐ.ടി. മിഷനുകീഴിലെ ആധാര്‍ യൂസര്‍ ഏജന്‍സി(എ.യു.എ.)യിലേക്കും പിന്നീട് ആധാര്‍ സര്‍വീസ് ഏജന്‍സി എന്ന സെര്‍വറിലേക്കും എത്തും. ശേഷം ഡല്‍ഹിയിലെ യു.ഐ.ഡി. സെന്ററില്‍ വെരിഫിക്കേഷന്‍ നടക്കും. അവിടെയും ഇവിടെയുമുള്ള വിവരങ്ങള്‍ സമാനമാണെന്ന് ഉറപ്പാക്കും.

തുടര്‍ന്ന്, യന്ത്രത്തില്‍ ഗുണഭോക്താവിന് അര്‍ഹതപ്പെട്ട ഭക്ഷ്യവിഹിതത്തിന്റെ അളവ് പ്രദര്‍ശിപ്പിക്കും. അതില്‍ എത്രയെന്ന് തിരഞ്ഞെടുത്താല്‍ ബില്ലിങ് നടക്കും. റേഷന്‍ അളവും ബില്ലും ഗുണഭോക്താവിന്റെ മൊബൈലില്‍ സന്ദേശമായി ലഭിക്കും.

ആദ്യഘട്ടത്തിലെ ബയോമെട്രിക് ശ്രമം പരാജയപ്പെട്ടാല്‍ ‘ഫ്യൂഷന്‍’ എന്ന സംവിധാനം പ്രയോജനപ്പെടുത്താം. രണ്ടുവിരലടയാളങ്ങള്‍ ബയോമെട്രിക്കില്‍ പതിപ്പിച്ച് നേരത്തേ പറഞ്ഞ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി റേഷന്‍ വാങ്ങാം.

മേല്‍പ്പറഞ്ഞ രണ്ടുരീതികളും നടന്നില്ലെങ്കില്‍ റേഷന്‍ കാര്‍ഡ് എടുത്ത വേളയില്‍ ഏതുമൊബൈല്‍നമ്പറാണോ നല്‍കിയത് അതിലേക്ക് ഒ.ടി.പി. അയയ്ക്കുന്നതാണ് മൂന്നാമത്തെ രീതി. രണ്ടുവട്ടം ഒ.ടി.പി. അയച്ചിട്ടും നടന്നില്ലെങ്കില്‍മാത്രമേ രജിസ്റ്ററില്‍ വിവരം രേഖപ്പെടുത്തിക്കൊണ്ടുള്ള റേഷന്‍ വിതരണം നടത്തൂ.

Leave A Reply

Your email address will not be published.

error: Content is protected !!