വയനാടിനെ മുന്നില്‍ നിന്ന് നയിക്കാന്‍ നാല് പെണ്ണുങ്ങള്‍. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി നസീമ, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഐ എ എസ്, ജില്ലാ പോലീസ് മേധാവി പൂങ്കുഴലി ഐ പി എസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക.ജില്ലയുടെ നാല് സുപ്രധാന കേന്ദ്രങ്ങളില്‍ ഇനി എല്ലാം കരുത്തരായ വനിതകള്‍ തീരുമാനമെടുക്കും.
ജില്ലയുടെ ചരിത്രത്തിലാദ്യമായാണ് ഈ നാല് സുപ്രധാന സ്ഥാനങ്ങളില്‍ ഒരേസമയം വനിതകള്‍ എത്തുന്നത്. കൊവിഡ് എന്ന മഹാമാരി ഭീതി വിതച്ചപ്പോഴും പ്രതിരോധരംഗത്ത് ശക്തമായ നടപടികളുമായി വയനാടിനെ നയിച്ചതും മൂന്നു വനിതകളായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി നസീമ,ജില്ലാ കലക്ടര്‍ ഡോക്ടര്‍ അദീല അബ്ദുള്ള, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആര്‍ രേണുക, തുടങ്ങിയവര്‍ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയരായി. ഇവരോടൊപ്പം ആണ് ഇനി ജില്ലാ പോലീസ് മേധാവിയായി ജി പൂങ്കുഴലി കൂടി എത്തുന്നത്.കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ സ്ഥാനത്തുനിന്നുമാണ് ജില്ലയുടെ പോലീസ് മേധാവിയായി പൂങ്കുഴലി എത്തുന്നത്. ഇനി ഒരു മാറ്റം ഉണ്ടാകുന്നതുവരെ വയനാട് ജില്ലയെ ഈ പെണ്‍പട നയിക്കും