സാലറി കട്ടില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍; ഒക്ടോബര്‍ രണ്ടിന് ഉപവാസ സമരം

0

 സാലറി കട്ട് ഉള്‍പ്പെടെയുള്ള നടപടികളില്‍ പ്രതിഷേധവുമായി സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലെ രോഗബാധ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്ന് സംഘടന ആരോപിച്ചു. പ്രതിഷേധസൂചകമായി ഗാന്ധി ജയന്തി ദിനത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഡോക്ടര്‍മാര്‍ ഉപവാസ സമരം നടത്തും.ശമ്പളം മാറ്റിവയ്ക്കല്‍, കൊവിഡ് പ്രതിരോധരംഗത്തെ ആരോഗ്യപ്രവര്‍ത്തകരുടെ അപര്യാപ്തത എന്നീ വിഷയങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക് കടക്കുന്നത്. ലോകരാജ്യങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ഇവിടെ ശമ്പളം കട്ട് ചെയ്യുകയാണെന്ന് കെജിഎംഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോക്ടര്‍ ജിഎസ് വിജയകൃഷ്ണന്‍ കുറ്റപ്പെടുത്തി. രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് ആശുപത്രികളില്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ രോഗബാധ വര്‍ധിക്കുന്നതില്‍ ഡോക്ടര്‍മാര്‍ ആശങ്ക രേഖപ്പെടുത്തി.എന്‍എച്ച്എം ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച 20 ശതമാനം റിസ്‌ക് അലവന്‍സ് കൊവിഡ് പ്രവര്‍ത്തനങ്ങളിലുള്ള എല്ലാ സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നല്‍കുക ലീവ് സറണ്ടര്‍ ആനുകൂല്യം പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങളും ഡോക്ടര്‍മാര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒക്ടോബര്‍ രണ്ടിന് ശേഷം നിസ്സഹകരണ സമരവുമായി മുന്നോട്ട് പോകാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. കൊവിഡ് വ്യാപനം രൂക്ഷമാകവെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക് നീങ്ങുന്നത് വന്‍ പ്രതിസന്ധിയാകാനുള്ള സാധ്യതയും ഏറെയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!