സമ്പര്‍ക്ക രോഗികളുടെ എണ്ണം ഉയരുന്ന ആശങ്കയില്‍ വയനാട് ജില്ല.

0

തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് , സുല്‍ത്താന്‍ ബത്തേരി നഗരസഭ ഉള്‍പ്പെടെയുള്ള ക്ലസ്റ്ററുകളില്‍ നിന്ന് കൊറോണ വൈറസ് വ്യാപനം തുടരുകയാണ്. വയനാട് ജില്ലയില്‍ കഴിഞ്ഞ ദിവസം കോവിഡ് രോഗ ബാധ സ്ഥിരീകരിക്കുന്നവരില്‍ 17 ല്‍ 15പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ബത്തേരിയിലും തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാടിലും രോഗ വ്യാപന ആശങ്ക കൂടിവരുകയാണ്. കോവിഡ് ലിമിറ്റഡ് ക്ലസ്റ്റര്‍ പ്രഖ്യാപിച്ചിട്ടും സ്ഥിതി നിയന്ത്രണ വിധേയമായിട്ടില്ല. രോഗവ്യാപനത്തിന്റെ ആശങ്കയുള്ള വാളാടിലും സമ്പര്‍ക്ക രോഗികള്‍ കൂടിവരുന്നു. മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത രണ്ട് കുടുംബങ്ങളിലെ എട്ടു പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നത്തെ ആന്റിജന്‍ പരിശോധനയില്‍ 95 പേരെ പരിശോധിച്ചതില്‍ 42 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കൂടുതല്‍ പേരെ പരിശോധനയ്ക്ക് വിധേയരാക്കാനാണ് തീരുമാനം.സമ്പര്‍ക്ക രോഗികള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണുകളാക്കിയിട്ടുണ്ട്. നിലവില്‍ 149 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 141 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏഴും എറണാകുളത്ത് ഒരാളും ചികിത്സയില്‍ കഴിയുന്നു.കോവിഡ് രോഗികള്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് വെള്ളമുണ്ട പഞ്ചായത്തിലെ പൂരിഞ്ഞി ജുമാമസ്ജിദ് അടച്ചു. ഇവിടെ 60 പേര്‍ നിരീക്ഷണത്തിലാണ്. പനമരത്ത് മത്സ്യ മാര്‍ക്കറ്റും ചില കടകളും അധികൃതര്‍ അടപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!