നിയമലംഘനം നടത്തുന്ന  വാഹനങ്ങള്‍ നാളെ മുതല്‍  നിരത്തുകളില്‍ പാടില്ല: സൗമ്യത വേണ്ടെന്ന് ഹൈക്കോടതി

0

 

നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ നിരത്തില്‍ വേണ്ടെന്ന് ഹൈക്കോടതി. ഇത്തരത്തിലുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങള്‍ക്കെതിരെ സൗമ്യത വേണ്ട. ഇത്തരത്തില്‍ നിയമലംഘനം നടത്തുന്ന ബസ്സുകളുടെ  ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.ഉടനടി ഡ്രൈവറുടെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്യണം. നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങളോടെയുള്ള വാഹനങ്ങള്‍ സ്‌കൂളിലോ ക്യാമ്പസിലോ പ്രവേശിക്കാന്‍ പാടില്ല.

ലൈറ്റും സൗണ്ട് സിസ്റ്റവുമുള്ള വാഹനങ്ങള്‍ വിദ്യാര്‍ത്ഥികളാണ് ആവശ്യപ്പെടുന്നതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചപ്പോള്‍, ഫ്‌ലാഷ് ലൈറ്റും ഡിജെ സംവിധാനവും അനുവദിക്കുന്നതെങ്ങനെ എന്ന് കോടതി ചോദിച്ചു. വിദ്യാര്‍ഥികള്‍ ഇത്തരം ബസ്സുകളില്‍ വിനോദയാത്ര പോകേണ്ടതില്ല എന്ന് വ്യക്തമാക്കിയ കോടതി, രക്ഷിതാക്കളുടെ നിലവിളി ആര് കേള്‍ക്കും എന്ന ചോദ്യവും ഉന്നയിച്ചു.

നിയമം ലംഘിക്കുന്ന കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പും പൊലീസും, കര്‍ശന നടപടി എടുക്കണമെന്നും കോടതി ഉത്തരവിട്ടു. നിയമലംഘനം നടത്തുന്ന കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെയും നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ടൂറിസ്റ്റ് ബസുകള്‍ക്ക് മൂക്കുകയറിടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. വടക്കഞ്ചേരി അപകടത്തിന്റെ ദൃശ്യം തുറന്ന കോടതിയില്‍ ഡിവിഷന്‍ ബെഞ്ച് പരിശോധിച്ചു. അപകടവുമായി ബന്ധപ്പെട്ട്, പൊലീസും മോട്ടോര്‍ വാഹന വകുപ്പും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആലത്തൂര്‍ ഡിവൈഎസ്പി കോടതിയില്‍ നേരിട്ട് ഹാജരായി.

Leave A Reply

Your email address will not be published.

error: Content is protected !!