ശോഭയുടെ മരണം ഒരാള്‍ അറസ്റ്റില്‍
മാനന്തവാടി കുറുക്കന്‍ മൂല ,കളപ്പുരക്കല്‍ കോളനിയിലെ ശോഭയെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ഥലം ഉടമ യെ പോലീസ് അറസ്റ്റ് ചെയ്തു. കുറുക്കന്‍ മൂല കളപ്പുരക്കല്‍ ,ജിനു ജോസഫിനെയാണ് മാനന്തവാടി സി ഐ എം എം അബ്ദുള്‍ കരീമും സംഘവും അറസ്റ്റ് ചെയ്തത്.ഇയാള്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസേടുത്തിരിക്കുന്നത്.മുന്നാം തിയ്യതി രാവിലെയാണ് ശോഭയെ ജിനുവിന്റെ ഉടമസ്ഥതയിലുള്ള വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മരണത്തില്‍ ദുരുഹത ഉള്ളതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തുകയായിരുന്നു. ഷോക്കേറ്റതാണ് മരണകാരണമെന്ന് ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലിസ് ജിനുവിനെ അറസ്റ്റ് ചെയ്തത്. ശോഭയുടെ കാലില്‍ കണ്ട മുറിവിന് ആധാരമായ വസ്തുവല്ല മൃതദേഹത്തിന് സമീപം കണ്ടെത്തിയതെന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫെന്‍സിംഗിനായി ഉപയോഗിച്ച കമ്പിവേലി സംഭവസ്ഥലത്ത് നിന്നും മാറ്റിയതായി വ്യക്തമായത്. ജിനുവുമായി നടത്തിയ തെളിവെടുപ്പിനിടയില്‍ സമീപത്തെ ചതുപ്പില്‍ നിന്നും ഫെന്‍സിംഗിന്റ് അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.ശോഭയുടെ മൊബൈല്‍ ഫോണും പ്രദേശത്ത് നിന്നും കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയിരുന്നു, വയലിലേക്ക് വൈദ്യുതി ലൈന്‍ വലിച്ച ജിനുവിന്റെ വീട്, ഫെന്‍സിംഗിനായി കമ്പി വാങ്ങിയ കാട്ടിക്കുളത്തെ കട എന്നിവിടങ്ങളിലെത്തിച്ചും തെളിവെടുപ്പ് നടത്തി.എസ് ഐ അനില്‍കുമാര്‍, എ എസ് ഐ രമേശന്‍.സീനിയര്‍ സി പി ഒ മാരായ മെര്‍വിന്‍ ഡിക്രൂസ്, നൗഷാദ്, ബഷീര്‍, സി പി ഒ വിപിന്‍ കൃഷ്ണന്‍, ഡ്രൈവര്‍ കെ ബി ബൈജു എന്നിവരും സംഘത്തിലുണ്ടായിരുന്നു.