ആയുധങ്ങളുമായി സ്വകാര്യ റിസോര്‍ട്ടില്‍ സംഘടിച്ച ക്വട്ടേഷന്‍ സംഘത്തെ ബത്തേരി പൊലീസ് സാഹസികമായി പിടികൂടി. സംഘത്തില്‍ നിന്ന് വടിവാള്‍ പിടികൂടി. കൊലപാതക കേസിലടക്കം ഉള്‍പ്പെട്ട എറണാകുളം വയനാട് സ്വദേശികളാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 11.30യോടെ ബത്തേരി പഴുപ്പത്തൂര്‍ ചപ്പക്കൊല്ലിയില്‍ വച്ചാണ് സംഘം പിടിയിലായത്.
ചൊവ്വാഴ്ച രാത്രി 11.30യോടെയാണ് സംഭവം. എറണാകുളം അടൂര്‍ കോട്ടയക്കകത്ത് ഔറംഗസീബ് (39), കമ്പളക്കാട് കണിയാമ്പറ്റ സ്വദേശി കുഴിഞ്ഞങ്ങാട് കളംപറമ്പില്‍ ഫഹദ്(24), ബത്തേരി പുത്തന്‍കുന്ന് പാലപ്പെട്ടി സംജാദ്( 27), ബത്തേരി കുപ്പാടി തണ്ടാശേരി അക്ഷയ് എന്ന കൂഞ്ഞൂട്ടന്‍( 21) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും ഇരുതല മൂര്‍്ച്ചയുള്ള വടിവാള്‍ പിടികൂടുകയും ചെയ്തു. കൂടാതെ ലാപ്് ടോപ്പ്, മൊബൈല്‍ ഫോണ്‍ അടക്കം പൊലീസ് പിടികൂടിയിട്ടുണ്ട്്.ബത്തേരി എസ് ഐ ഇ. അബ്ദുള്ളയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ക്വട്ടേഷന്‍ സംഘം പിടിയിലായത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. തോക്കടക്കം മാരകായുധങ്ങളുമായി ഒരു സംഘം റിസോര്‍്ട്ടില്‍ തമ്പടിച്ചിട്ടുണ്ടന്ന് പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പഴുപ്പത്തൂര്‍ ചപ്പക്കൊല്ലിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ പരിശോധനക്കായെത്തി. ഈ സമയം റിസോര്‍ട്ടിന്റെ ഗേറ്റില്‍ വച്ച് സംഘം പൊലീസിനെ തടയുകയും വാള്‍ വീശുകയും ചെയ്തു. ഇതോടെ അകത്ത് കയറിയ പൊലീസ് ഇവരെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നുവെന്ന് മാനന്തവാടി ഡി. വൈ എസ് പി എ. ബി കുബേരന്‍പറഞ്ഞു.
ഇവര്‍ക്കെതിരെ ആയൂധം കൈവശം വച്ചതിനും പൊലീസിന്റെ കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനുമെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഇവരെ ഇവിടെ എത്തിച്ചതായി പറയുന്ന മലപ്പുറം സ്വദേശിക്കായും സംഘത്തില്‍ നിന്നും ഓടി രക്ഷപ്പെട്ടപ്രതിക്കായും പൊലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അറസ്റ്റിലായ ഒന്നാം പ്രതി കമ്പളക്കാട് സ്വദേശി ഫഹദിനെതിരെ സ്വര്‍ണ്ണം കവര്‍ച്ചചെയ്തതുമായി ബന്ധപ്പെട്ടത് അടക്കം രണ്ട് കേസുകളും ഔറംഗ സീബിനെതിരെ കൊലപാതകമടക്കം കര്‍ണാടകയിലും സംസ്ഥാനത്തിന്റെ വിവിധ സ്റ്റേഷനുകളിലുമായി ഏഴു കേസുകളും, സംജാദിനെതിരെ ബത്തേരി സ്റ്റേഷനിലും വനവകുപ്പിലുമായി പതിനഞ്ചു കേസുകളും അക്ഷയ്ക്കെതിരെ ബത്തേരി സ്റ്റേഷനില്‍ മൂന്ന് അടിപിടികേസുകളും നിലവിലുണ്ട്.
നാലുപേരെയും പിന്നീട് കോടതിയില്‍ ഹാജരാക്കി. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന്നായി കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലീസ് അറിയിച്ചു. ബത്തേരി എസ് ഐ സണ്ണിതോമസിന്റെ നേതൃത്വത്തില്‍ എഎസ്ഐ ബി സുലൈമാന്‍, സിപിഒമാരായ സജാദ്, ബിനോയ്, സമീര്‍, ബിജു എന്നിവരാണ് ക്വട്ടേഷന്‍ സംഘത്തെ പിടികൂടിയത്