വന്യജീവിസങ്കേതത്തിലൂടെ കടന്നു പോകുന്ന വന പാതയോരങ്ങളില്‍ വാഹനങ്ങള്‍ നിറുത്തിയിടുന്നതും വന്യമൃഗങ്ങള്‍ക്ക് തീറ്റകൊടുക്കുന്ന ഭക്ഷണാവിശിഷ്ടങ്ങള്‍ വന പാതയോരങ്ങളില്‍ നിക്ഷേപിക്കുന്നതും കര്‍ശനമായി നിരോധിച്ച് വനംവകുപ്പ്.നിയമം ലംഘിക്കുന്നവരില്‍ നിന്നും 2000 രൂപ പിഴയിടാക്കാനുമാണ് തീരുമാനം. പ്രിന്‍സിപ്പള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
വന്യജീവസങ്കേതത്തിലൂടെ കടന്നു പോകുന്ന പാതയോരങ്ങളില്‍ വാഹനങ്ങള്‍ നിറിത്തിയിടുന്നവരെയും വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നവരെയും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും വനത്തിലേക്കും വനപാതയോരങ്ങളിലും നിക്ഷേപിക്കുന്നവരെ കാത്തിരിക്കുന്നത് വന്‍ പിഴയാണ്. ഇത്തരക്കാരെ കണ്ടാല്‍ സ്ഥലത്തുവച്ചുതന്നെ 2000 രൂപ പിഴയിടാക്കാനും അതിനു വിസമ്മതിക്കുന്നവര്‍ക്കെതിരെ 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കാനുമാണ് തീരുമാനം. പ്രിന്‍സിപ്പള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന്റെ ഇതുസംബന്ധിച്ച് നിര്‍ദ്ദേശംഅതതു സങ്കേതം മേധാവികള്‍ക്ക് ലഭിച്ചുകഴിഞ്ഞു.
അടുത്തദിവസം മുതല്‍ നിയമം നടപ്പിലാക്കുമെന്നും മുത്തങ്ങ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുനില്‍കുമാര്‍ പറഞ്ഞു.ഇതേ കുറിച്ച് ജനങ്ങളെ ബോധാവാന്‍മാരാക്കുന്നതിനായി മുന്നറിയിപ്പ് ബോര്‍ഡുകളും വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് ഇതുസംബന്ധിച്ച് ലഘുലേഖകളും വിതരണം ചെയ്യും. വയനാട് വന്യജീവിസങ്കേതത്തോട് അതിര്‍ത്തി പങ്കിടുന്ന കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ സങ്കേതങ്ങളില്‍ ഈ നിയമം നേരത്തെ നടപ്പാക്കി വരുന്നുണ്ട്. ദേശീയ പാത 766 മുത്തങ്ങ വന്യജീവിസങ്കേതത്തിലൂടെയാണ് കടന്നു പോകുന്നത് എന്നതിനാല്‍ സഞ്ചാരികളടക്കം നിരവധി യാത്രക്കാരാണ് ഇതുവഴി കടന്നുപോകുന്നത്. ഇതില്‍ പലരും വനപാതയില്‍ വാഹനങ്ങള്‍ നിറുത്തിയിടുകയും മൃഗങ്ങളുടെ ചിത്രങ്ങള്‍ എടുക്കാനും തീറ്റകൊടുക്കാനും ശ്രമിക്കാറുണ്ട്. പലരും കഴിച്ച ഭക്ഷണാവശിഷ്ടങ്ങള്‍ വനത്തിലും ഓരങ്ങളിലുമായി നിക്ഷേപിക്കാറുമുണ്ട്. ഇത് വന്യമൃഗങ്ങള്‍ പുറത്തിറങ്ങുന്നതിനും യാത്രക്കാരുടെയും വന്യമൃഗങ്ങളുടെ ജീവനും ഭീഷണിയാവാനും സാധ്യതയേറെയാണ്. ഇതിനുപരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ വനംവകുപ്പ് ഇത്തരമൊരു നടപടിയാരംഭിക്കുന്നത്.