വിദ്യാര്‍ഥികളുടെ സമഗ്ര വികസനത്തിന് അറിവും സാങ്കേതിക വിജ്ഞാനവും പകര്‍ന്നുനല്‍കിയ കബനിഗിരി നിര്‍മല ഹൈസ്‌കൂളിലെ അധ്യാപകന്‍ വി. മധുവിന് 2017-ലെ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കംപ്യൂട്ടര്‍ ടെക്‌നോളജി അവാര്‍ഡ്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം രാജ്യമെമ്പാടുമുള്ള സ്‌കൂളുകളില്‍ വിവരസാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്ന അധ്യാപകര്‍ക്ക് 2005 മുതല്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് ഇത്തവണ കബനിഗിരിയിലേക്കെത്തിയത്.
കേരളത്തില്‍നിന്ന് മറ്റ് രണ്ടുപേര്‍കൂടി അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്. കബനിഗിരി നിര്‍മല ഹൈസ്‌കൂളിലെ ഫിസിക്‌സ്, ഐ.ടി. അധ്യാപകനായ മധുവിനെത്തേടി ദേശീയ പുരസ്‌കാരമെത്തിയതില്‍ തെല്ലും അത്ഭുതമില്ല. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഐ.ടി. അറ്റ് സ്‌കൂള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ നിര്‍മല ഹൈസ്‌കൂളിലും വിവര സാങ്കേതികവിദ്യയുടെ ക്ലാസുകള്‍ മികച്ചരീതിയില്‍ നടക്കുന്നുണ്ട്. 2005-ല്‍ വിദ്യാര്‍ഥികള്‍ സ്‌കൂളിനായി വെബ് സൈറ്റ് നിര്‍മിച്ചതുമുതലാണ് ഐ.ടി. അറ്റ് സ്‌കൂള്‍ ഇവിടെ സജീവമായത്. ഇവയ്‌ക്കെല്ലാം മേല്‍നോട്ടം വഹിച്ച് വിദ്യാര്‍ഥികള്‍ക്ക് കൃത്യമായ ദിശാബോധം നല്‍കിവരുന്നത് അദ്ദേഹമാണ്. 2010-ല്‍ സ്‌കൂളിന്റെ ഐ.ടി. പ്രോജക്ട് സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. പതിനാല് തവണ നിര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഐ.ടി. പ്രോജക്ടുമായി സംസ്ഥാനതലത്തില്‍ മാറ്റുരച്ചു. 2012-ല്‍ ഐ.ടി. അറ്റ് ഗോത്രഗൃഹം എന്ന നൂതനാശയം സ്‌കൂളില്‍ നടപ്പാക്കിയിരുന്നു. സ്‌കൂളിനുസമീപത്തെ കാട്ടുനായ്ക്ക കോളനിയില്‍ ഒരു കംപ്യൂട്ടര്‍ സ്ഥാപിക്കുകയും ഇതിലൂടെ കോളനിക്കാരെ വിവര സാങ്കേതികവിദ്യയുടെ ബാലപാഠങ്ങള്‍ പഠിപ്പിക്കുകയുമായിരുന്നു ഈ സംരംഭം. 2014-ല്‍ സ്‌കൂള്‍ ആദ്യമായി ഡിജിറ്റല്‍ മാഗസിനും പുറത്തിറക്കി.
മെയ്യില്‍ ഡല്‍ഹിയിലെ എന്‍.സി.ഇ.ആര്‍.ടി. കേന്ദ്രത്തില്‍ നടന്ന സ്‌കൂളിലെ ഐ.സി.ടി. പ്രവര്‍ത്തനങ്ങളുടെ അവതരണത്തില്‍ നിന്നാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്. ഈ മാസം ഡല്‍ഹിയില്‍ കേന്ദ്ര മാനവവിഭവ ശേഷി സഹ മന്ത്രി സഞ്ജയ് ദോത്രിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചു. പുല്‍പള്ളി വിജയ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രസതന്ത്രം അധ്യാപികയായ ബിന്ദുവാണ് ഭാര്യ. മക്കള്‍: അളകനന്ദ, അഭിമന്യു.