ശമ്പളം ലഭിക്കാത്തതിനെതിരെ കെ എസ് ആര്‍ ടി സി തൊഴിലാളികള്‍ നടത്തിവന്ന അനിശ്ചിതകാല സത്യാഗ്രഹസമരം അവസാനിപ്പിച്ചു. തൊഴിലാളികള്‍ക്ക് ശമ്പളം പൂര്‍ണ്ണമായും ലഭിച്ച സാഹചര്യത്തിലാണ് കഴിഞ്ഞ 17 ദിവസമായി തൊഴിലാളികള്‍ നടത്തിയ സമരം അവസാനിപ്പിച്ചത്.
മാസം മുഴുവന്‍ ജോലി ചെയ്തിട്ടും കൃത്യമായി ശമ്പളം ലഭിക്കാതെ വന്നതോടെയാണ് കെ എസ് ആര്‍ ടി സി തൊഴിലാളികള്‍ സംയുക്തമായി അനിശ്ചിത കാല സത്യാഗ്രഹ സമരം ആരംഭിച്ചത്. ഈ സമരമാണ് ഇന്ന് 17 ദിവസം പിന്നിടുമ്പോള്‍ തൊഴിലാളികള്‍ അവസാനിപ്പിച്ചത്. കഴിഞ്ഞദിവസം രാത്രിയോടെ തൊഴിലാളികളുടെ ഒക്ടോബര്‍ മാസത്തെ ശമ്പളം പൂര്‍ണ്ണമായും ലഭിച്ചതോടെയാണ് സമരം അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്. എം പാനല്‍ ജീവനക്കാരുടെ ശമ്പളം അതത് ഡിപ്പോകളില്‍ നിന്നും നല്‍കുമെന്ന ഉറപ്പും ലഭിച്ച സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു.
പട്ടിണികിടന്നും, ഇരുന്നു, നില്‍പ്പ് സമരം നടത്തിയും, പ്രതീകാത്മക ആത്മഹത്യ നടത്തിയും, കുടുംബങ്ങളെ സമരത്തില്‍ പങ്കാളിയാക്കിയുമൊക്കെയാണ് തൊഴിലാളികള്‍ ശമ്പളത്തിനായി സംഘടനാവ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി സമരം ചെയ്തത്. പൂര്‍ണ്ണ സംപ്തൃരായല്ല സമരം അവസാനിപ്പിക്കുന്നതെന്നും തൊഴിലാളി വിരുദ്ധ നടപടി ഇനിയുമുണ്ടായാല്‍ സമരം പുനരാരംഭിക്കുമെന്നുമാണ് തൊഴിലാളികള്‍ നല്‍കുന്ന മുന്നറിയിപ്പ്.