ആര്‍.സി.ഇ.പി കരാറിനെതിരെ കിസാന്‍സഭയും
ആര്‍.സി.ഇ.പി കരാറിനെതിരെ അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ വയനാട് ജില്ലയിലെ മൂന്ന് താലൂക്ക് കേന്ദ്രങ്ങളില്‍ നവംബര്‍ നാലിന് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും.ഒന്നാം ഘട്ട സമരമെന്ന നിലയിലാണ് താലൂക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തുന്നത്.
കാര്‍ഷിക മേഖലയും രാജ്യത്തിന്റെ സമ്പദ്ഘടനയും പാടേ തകര്‍ക്കുന്ന ആര്‍.സി.ഇ.പി കരാറില്‍ കേന്ദ്ര സര്‍ക്കാര്‍ ഒപ്പുവയ്ക്കരുതെന്നതാണ് കര്‍ഷകരുടെ താല്‍പര്യം. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ തകര്‍ച്ചയിലേക്ക് തള്ളിയിടുന്നതിനിടെയാണ് മതിയായ ചര്‍ച്ചകള്‍ പോലും നടത്താതെ കരാര്‍ ഒപ്പ് വെയ്ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ രഹസ്യ നീക്കം അണിയറയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വയനാട് ജില്ലയിലെ കര്‍ഷകര്‍ക്ക് അല്പമെങ്കിലും ആശ്വാസം നല്‍കുന്നത് ക്ഷീരമേഖലയാണ്.അതേ ക്ഷീരമേഖലയെ പാടേ തകര്‍ക്കുന്ന നയമാണ് കരാറിലുള്ളത്.ആര്‍.സി.ഇ.പി കരാറിന്റെ ഭവിഷ്യത്തുകളെ സംബന്ധിച്ച് കര്‍ഷകര്‍ക്കിടയില്‍ പ്രചരണം നടത്തി, കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തുന്നതിന് ആദ്യ ഘട്ട സമരത്തിനു ശേഷം തുടക്കം കുറിക്കുമെന്ന് ജില്ലാ സെക്രട്ടറി ജോണി മറ്റത്തിലാനി പറഞ്ഞു.