പരക്കുനി കോളനിക്കാരുടെ ദുരിതത്തിന് അറുതിയില്ല
പനമരം ടൗണില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള പരക്കുനി പണിയ കോളനിക്കാരുടെ ദുരിതത്തിന് അറുതിയില്ല. വാസയോഗ്യമല്ലാത്ത വീടുകളുടെ അഭാവമാണ് കോളനിക്കാരെ ദുരിതത്തിലാക്കിയിരിക്കുന്നത്. വീടുകളെ സംബന്ധിച്ച് ചിലര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതാണ് കോളനിക്കാര്‍ക്ക് ഏറെ തിരിച്ചടിയായത്.പുഴയോരത്താണ് പരക്കുനി കോളനി. രണ്ട് പ്രളയകഴിഞ്ഞതോടെ കോളനിക്കാരുടെ ഒട്ടുമിക്ക വീടുകളും വാസയോഗ്യമല്ലാതായി. വിടിന്റെ അറ്റകുറ്റപണി ചെയത് കൊടുക്കാനോ പുതിയ വീട് വെച്ച് കൊടുക്കാനോ ആദിവാസി ക്ഷേമത്തിനായുള്ള സര്‍ക്കാര്‍ അധികാരികള്‍ തയ്യാറായിട്ടില്ല.57 കുടുംബങ്ങളാണ് പരക്കുനി കോളനിയിലുള്ളത്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങള്‍ പോലും ഇല്ലാത്തത് അന്തേവാസികളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. സ്ത്രികളും, കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ക്ക് പ്രഥമിക ആവശ്യങ്ങള്‍ക്ക് സ്വകാര്യ തോട്ടങ്ങള്‍ തേടി പോകെണ്ട ഗതികേടാണ്.
രണ്ട് വര്‍ഷം മുമ്പ് പ്രശക്ത സിനിമ നടി സാമൂഹിക സേവനത്തിന്റെ ഭാഗമായി പരക്കുനിയില്‍ എത്തിയിരുന്നു. കോളനിയിലെ ദുരിതങ്ങള്‍ നേരിട്ട് കണ്ടറിഞ്ഞതിനെ തുടര്‍ന്ന് മിക്കവര്‍ക്കും വീട് വെച്ച് നല്‍കാമെന്ന് വാഗ്ദ്ധാനം കൊടുത്തു. എന്നാല്‍ അവര്‍ക്ക് വാക്ക് പാലിക്കാന്‍ കഴിഞ്ഞില്ല. നടി വീട് കൊടുക്കുമെന്ന പ്രതീക്ഷയില്‍ പഞ്ചായത്തോ മറ്റ് അധിക്യതരോ കോളനിയിലേക്ക് തിരിഞ്ഞ് നോക്കിയില്ല. ഇതാണ് കോളനിക്കാരുടെ ഇന്നത്തെ ദുരവസ്ഥയക്ക് കാരണം.
പ്രളയം വരുമ്പൊഴെക്കും വീട് വിട്ട് ഓടേണ്ട സാഹചര്യമാണ്. ആഴ്ചകളോളം ക്യാമ്പുകളില്‍ താമസിച്ചാല്‍ മാത്രമേ ജീവന്‍ നിലനിര്‍ത്താന്‍ കഴിയുകയുള്ളു. പ്രായം ചെന്നവരും കുട്ടികളും കോളനിയിലെ തറയിലാണ് അന്തിയുറക്കം. പുഴയോട് ചേര്‍ന്ന സ്ഥലമായതിനാല്‍ ശക്തമായ കുത്തൊഴുക്കില്‍ ഭൂമി ഇതിനൊടകം പുഴയോട് ചേര്‍ന്ന് കഴിഞ്ഞു. സൈഡ് കെട്ടി സംരക്ഷിക്കണമെന്ന കോളനിക്കാരുടെ ആവിശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഈയൊരു സാഹചര്യത്തില്‍ കോളനിക്കാരെ സുരക്ഷിതമായ മറ്റോരു സ്ഥലത്തെക്ക് മാറ്റി പാര്‍പ്പിക്കണമെന്ന അവശ്യവും ഉയരുന്നുണ്ട്.
മാനന്തവാടി എം.എല്‍.എയും ബന്ധപ്പെട്ട അധികാരികളും വിചാരിച്ചാല്‍ പരിഹാരമുണ്ടാകുമെന്നാണ് കോളനിക്കാര്‍ പറയുന്നത്.