മോട്ടോര്‍ വാഹന നിയമ ഭേദഗതി: ട്രാഫിക് പോലീസിന്റെ ബോധവല്‍ക്കരണം
ഗതാഗത നിയമലംഘനം നടത്തി ലൈസന്‍സ് റദ്ദ് ചെയ്യുന്ന സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ ട്രാഫിക് പോലീസിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണവും മിഠായി വിതരണവും.നിയമം തെറ്റിച്ച് എത്തിയവര്‍ക്ക് ബോധവല്‍ക്കരണവും ലഘുലേഖയും നിയമം പാലിച്ച് എത്തിയവര്‍ക്ക് മധുരവും കുറ്റക്കാര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കുന്ന പരിപാടിയാണ് പോലീസ് നടത്തിയത്.ഇരുചക്രവാഹനത്തിന്റെ പിന്‍സിറ്റില്‍ ഇരുന്ന് യാത്ര ചെയ്ത ഭൂരിഭാഗം പേര്‍ക്കും പോലീസിന്റെ ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുക്കേണ്ടി വന്നു.
ഇന്നു മുതല്‍ വാഹനപരിശോധന ഡിജിറ്റലാക്കും. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിച്ചാല്‍ 1,000 രൂപ പിഴ നല്‍കണം. ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി. മദ്യപിച്ച് വാഹനമോടിച്ചാല്‍ ആറ് മാസം തടവും 10,000 രൂപ പിഴയും ഒടുക്കേണ്ടി വരും. ഇതേ കുറ്റം ആവര്‍ത്തിച്ചാല്‍ 15,000 രൂപ പിഴയും രണ്ട് വര്‍ഷം തടവുമാണ് ശിക്ഷ.
ചുവപ്പ് ലൈറ്റ് മറികടക്കല്‍, സ്റ്റോപ്പ് സൈന്‍ അനുസരിക്കാതിരിക്കുക, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, അപകടകരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്യുക, വണ്‍വേ തെറ്റിച്ചുള്ള യാത്ര എന്നിവയ്ക്ക് ഒരു വര്‍ഷം വരെ തടവോ അല്ലെങ്കില്‍ 5000 രൂപ പിഴയോ രണ്ടും കൂടെയോ ലഭിക്കും.
ഡ്രൈവിംഗ് ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ 5,000 രൂപ പിഴയും ലൈസന്‍സില്ലാത്തവര്‍ക്ക് വാഹനമോടിക്കാന്‍ നല്‍കുന്നതിന് വാഹന ഉടമ 5,000 രൂപ പിഴയും നല്‍കണം. നിയമാനുസൃതം നിലവിലില്ലാത്ത ലൈസന്‍സില്‍ വാഹനം ഓടിച്ചാലും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍ വാലിഡിറ്റി എന്നിവയില്ലെങ്കിലും 10,000 രൂപയാണ് പിഴ. ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ 2,000 രൂപയും കുറ്റം ആവര്‍ത്തിച്ചാല്‍ മൂന്ന് മാസം തടവും 4,000 രൂപ പിഴയുമടയ്ക്കണം. ചരക്കുവാഹനത്തില്‍ അമിതഭാരം കയറ്റിയാല്‍ 20,000 രൂപയും വാഹനത്തില്‍ അനധികൃതമായി രൂപമാറ്റം വരുത്തുന്നതിന് 5000 രൂപയും പിഴ നല്‍കണം. ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളില്‍ അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാരെ കയറ്റിയാല്‍ വാഹന ഉടമ അധികമുള്ള ഓരോ യാത്രക്കാരനും 200 രൂപ വീതം പിഴ ഒടുക്കണം. അമിതവേഗതയ്ക്ക് ലൈറ്റ് മോട്ടാര്‍ വാഹനങ്ങള്‍ക്ക് 2,000 രൂപയും മീഡിയം ഹെവി വാഹനങ്ങള്‍ക്ക് 4,000 രൂപയുമാണ് പിഴ.