സംസ്ഥാനത്ത് മഴതുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരേ ജാഗ്രതപാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
ഡെങ്കിപ്പനി പ്രതിരോധത്തില്‍ പ്രധാനമാണ് കൊതുകിന്റെ ഉറവിടനശീകരണം. തിങ്കളാഴ്ച ദേശീയ ഡെങ്കിപ്പനി ദിനമാണ്. ‘ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ നമുക്ക് കൈകോര്‍ക്കാം’ എന്നതാണ് ഈ വര്‍ഷത്തെ ഡെങ്കിപ്പനി ദിന സന്ദേശം. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയംചികിത്സ ഒഴിവാക്കി ഉടന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സതേടണമെന്നും മന്ത്രി പറഞ്ഞു.
ഒരു വൈറല്‍ രോഗം. ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് പകര്‍ത്തുന്നത്. ഇവ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് മൂന്നുമുതല്‍ 14 വരെ ദിവസങ്ങള്‍ക്കുള്ളില്‍ മനുഷ്യരില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.
ലക്ഷണങ്ങള്‍
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകള്‍ക്കുപിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകള്‍, ഓക്കാനവും ഛര്‍ദിയും.