പ്രവൃത്തി നിലച്ച കല്‍പ്പറ്റ പടിഞ്ഞാറത്തറ റോഡ് പ്രവൃത്തി ത്വരിതപ്പെടുത്തണമെന്ന് കല്‍പ്പറ്റ പടിഞ്ഞാറത്തറ റോഡ് ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ എം.എ ജോസഫ്, എം.മുഹമ്മദ് ബഷീര്‍, ഷമീം പാറക്കണ്ടി എന്നിവര്‍ ആവശ്യപ്പെട്ടു. നിരവധി കാലത്തെ സമരങ്ങളും പ്രക്ഷോഭങ്ങളും സമ്മര്‍ദ്ദങ്ങളും കാരണമായി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിക്കപ്പെട്ട 63 കോടി രൂപ ഉപയോഗിച്ച് തുടങ്ങിയ പ്രവൃത്തി, കഴിഞ്ഞ പ്രവൃത്തിയുടെ തുക കരാറുകാര്‍ക്ക് നല്‍കാത്തതിനാലാണ് നിലച്ചത്. തുടക്കമെന്ന നിലയില്‍ കല്‍വെര്‍ട്ടുകളുടെയും സംരക്ഷണ ഭിത്തിയുടെയും പ്രവൃത്തിയാണ് നടന്നു വന്നിരുന്നത്. പണി പാതി വഴിയിലായതിനാല്‍ യാത്രാ ദുരിതം അനുഭവിക്കുകയാണ് ഈ റോഡിനെ ആശ്രയിക്കുന്നവര്‍. സംസ്ഥാന പാതയിലുള്‍പ്പെട്ട ഈ റോഡിലൂടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിനേനെ യാത്ര ചെയ്യുന്നത്. പല സ്ഥലങ്ങളിലും റോഡ് പൊളിച്ചിട്ടതിനാല്‍ ചെറിയ വാഹനങ്ങള്‍ക്ക് മാത്രമല്ല, ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തകരാറിലാവുകയാണ്. മഴക്കാലം കൂടിയായതിനാല്‍ റോഡില്‍ രൂപപ്പെടുന്ന വെള്ളക്കെട്ടുകള്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാവുന്നു എന്ന് മാത്രമല്ല, കാല്‍നട യാത്രക്ക് പോലും സാധ്യമല്ലാതായി. റോഡിന്റെ ശോചനീയാവസ്ഥ കാരണം ബസ് ട്രിപ്പുകള്‍ മുടങ്ങുന്നതിനാല്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും ഏറെ ബുദ്ധിമുട്ടുകയാണ്. ആയതിനാല്‍ അധികാരികള്‍ എത്രയും പെട്ടെന്ന് ഈ വിഷയം പരിഹരിച്ച് റോഡ് പ്രവൃത്തി പുനരാരംഭിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു