മാധ്യമങ്ങളിലെ മനുഷ്യത്വ മുഖമാണ് റേഡിയോ മാറ്റൊലിയെന്ന് ഒ.ആര്‍.കേളു
മാധ്യമങ്ങളിലെ മനുഷ്യത്വ മുഖമാണ് റേഡിയോ മാറ്റൊലി പ്രതിഫലിപ്പിക്കുന്നതെന്ന് ഒ.ആര്‍.കേളു എം.എല്‍.എ. നിറവിന്റെ പത്താണ്ട് എന്ന റേഡിയോ മാറ്റൊലിയുടെ പത്താം വാര്‍ഷികാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യധാര മാധ്യമങ്ങള്‍ അവഗണിക്കുന്ന വാര്‍ത്തകളിലേക്ക് ഇറങ്ങിച്ചെന്ന് ജനപക്ഷത്ത് നിന്ന് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മാധ്യമമാണ് മാറ്റൊലിയെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു. കിടപ്പുരോഗികള്‍ക്ക് വേണ്ടിയുളള റേഡിയോ സെറ്റുകളുടെ വിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു. മാനന്തവാടിയിലെ സ്പന്ദനം എന്ന കൂട്ടായ്മയാണ് റേഡിയോ സെറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്തത്. പോയ പത്ത് വര്‍ഷത്തെ റേഡിയോ മാറ്റൊലിയുടെ പ്രവര്‍ത്തനങ്ങളെ അടയാളപ്പെടുത്തുന്ന സുവനീര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ പ്രകാശനം ചെയ്തു.
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വിജയം നേടിയ ശ്രീധന്യ സുരേഷിനെ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ആദരിച്ചു. മാറ്റൊലി മനുഷ്യാവകാശ മാധ്യമപുരസ്‌കാര ജേതാവും മലയാള മനോരമ ലേഖകനുമായ ഷാജി പുളിക്കലിനെ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. മികച്ച കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട കെ.എം.സുരേന്ദ്രന്‍, കര്‍ഷക മോളി തോമസ് പുളിക്കക്കുന്നേല്‍, മികച്ച സംരംഭകന്‍ വിന്‍സെന്റ് കെ.എം, സംരംഭ സിലു മേരി, മികച്ച കായികതാരമായി തെരഞ്ഞെടുക്കപ്പെട്ട അലോഷ്യസ് കെ.ജോഷി, സാഹിത്യപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട ഫാ.ജോസഫ് നെച്ചിക്കാട്ട്, സിനിമാമേഖലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രതീഷ് വാസുദേവന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കേരള സാഹിത്യ അക്കാദമിയുടെ ആദരവ് ഏറ്റുവാങ്ങിയ മംഗലശ്ശേരി മാധവന്‍ മാഷിനെ പ്രത്യേകം ആദരിച്ചു. പതിനൊന്നാം വര്‍ഷത്തിലേക്ക് പ്രവേശിച്ചതിനോട് അനുബന്ധിച്ച് റേഡിയോ മാറ്റൊലി ആരംഭിച്ച ആശാകിരണം, ശ്രുതിലയതാളം, ജനാലയ്ക്കപ്പുറം എന്നിവയുടെ ഉദ്ഘാടനവും ചടങ്ങിനോട് അനുബന്ധിച്ച് നടന്നു.
ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സുരേഷ് മാത്യു, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ലാല്‍ ടി ജോസ്. തവിഞ്ഞാല്‍ കൃഷി ഓഫീസര്‍ കെ.ജി. സുനില്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.ഉഷാകുമാരി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.വത്സന്‍, എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍, ഹോമിയോപ്പതി വകുപ്പിലെ സീതാലയം പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഡോ.ബീനാ ജോണ്‍സണ്‍, ആയുര്‍കെയര്‍ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഡോ. ലിഷിത സുജിത്, സ്ഥാപക ഡയറക്ടര്‍ ഫാ. തോമസ് ജോസഫ് തേരകം, റേഡിയോ മാറ്റൊലി സ്റ്റേഷന്‍ ഡയറക്ടര്‍ ഫാ.ബിജോ കറുകപ്പളളി, ഡബ്ല്യു.എസ്.എസ്.എസ്. ഡയറക്ടര്‍ ഫാ.പോള്‍ കൂട്ടാല എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.