പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പാറക്കടവില്‍ ഇറങ്ങി ഭീതി പരത്തുന്ന കടുവയെ പിടികൂടാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചു. കഴിഞ്ഞ ദിവസം കടുവ ആടിനെ പിടികൂടിയ കാപ്പിപ്പാടി കോളനിയിലെ മിനിയുടെ വീടിനോട് ചേര്‍ന്നാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ടാണ് കാപ്പിപ്പാടി കോളനിയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം കണ്ടത്.
കോളനിയിലെ ജാനകിയുടെ ആടിനെ പിടികൂടാന്‍ കടുവ ശ്രമിച്ചു. എന്നാല്‍ കോളനിവാസികള്‍ ബഹളം വച്ചതോടെ സമീപത്തെ തോട്ടത്തിലേക്ക് ഓടി മറഞ്ഞു. സ്ഥലത്തെത്തിയ വനം വകുപ്പ് കൂട് സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ചൊവ്വാഴ്ചയാണ് കടുവയെ പാറക്കടവ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കണ്ടത്. കടുവയെ മയക്കുവെടി വച്ചോ, കൂടു വച്ചോ പിടികൂടണമെന്ന ആവശ്യം ജനങ്ങള്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ബുധനാഴ്ച്ച പുലര്‍ച്ചെ കാപ്പിപ്പാടി കോളനിയിലെ മിനിയുടെ ആടിനെ കടുവ കൊന്നു ഭക്ഷിക്കുകയും പശുവിനെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ബുധനാഴ്ച്ച വണ്ടിക്കടവ് വനമേഖലയിലേക്ക് പടക്കം പൊട്ടിച്ച് കടുവയെ തുരത്തിയിരുന്നു. പിന്നീട് ഇന്നലെ വൈകിട്ടോടെ വീണ്ടും കടുവ പ്രദേശത്തിറങ്ങിയത്. ഇതോടെയാണ് കടുവയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത്.