കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവത്തിന് ബത്തേരി സെന്റ് മേരീസ് കോളേജില്‍ തുടക്കമായി. അഞ്ചു ദിവസത്തെ കലോത്സവത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാലക്കു കീഴിലെ 436 കോളേജുകളില്‍ നിന്നായി 5000 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. സ്‌റ്റേജിതിര മത്സരങ്ങളുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരന്‍ ഹാരിസ് നെന്മേനി നിര്‍വ്വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശ് അധ്യക്ഷനായിരുന്നു. കോളേജ് പ്രിന്‍സിപ്പാള്‍ ഷേബ, പ്രൊഫ.ടി. മോഹന്‍ബാബു, ഷാഹുല്‍, അംജിത് എന്നിവര്‍ സംസാരിച്ചു. സ്‌റ്റേജിതര മത്സരങ്ങള്‍ നാളെ സമാപിക്കും.
വയനാട്ടില്‍ ആദ്യമായി വിരുന്നെത്തിയ ഇന്റര്‍സോണ്‍ കലോല്‍സവത്തിന്നാണ് ബത്തേരി സെന്റ്‌മേരീസ് കോളേജില്‍ തുടക്കമായിരിക്കുന്നത്. ഇന്നും നാളെയും സ്റ്റേജിതര മത്സരങ്ങളാണ് നടക്കുന്നത്. 3, 4, 5 തീയ്യതികളില്‍ സ്റ്റേജ് മത്സരങ്ങളും നടക്കും. ഇന്റര്‍ സോണ്‍ കലോല്‍സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതി ചെയര്‍മാന്‍ പി.ആര്‍.ജയപ്രകാശ് പറഞ്ഞു. 100 ഇനങ്ങളിലായി നടക്കുന്ന മല്‍സരങ്ങളില്‍ വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് ജില്ലയ്്ക്ക് പുറമെ ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്നുണ്ട്.