സിഗ്നല്‍ ലൈറ്റുകള്‍ പ്രകാശിച്ചില്ല

0

വിദ്യാര്‍ത്ഥികള്‍ക്കുള്ള സംസ്ഥാനത്തെ തന്നെ ആദ്യത്തെ ട്രാഫിക്ക് പാര്‍ക്ക് ശുഭയാത്ര ഇനിയും ആരംഭിച്ചില്ല.
കുട്ടികള്‍ക്ക് ഗതാഗത പാഠങ്ങള്‍ പകര്‍ന്ന് നല്‍കുന്നതിനായാണ് ട്രാഫിക് പാര്‍ക്ക് തയ്യാറാക്കിയത്. മാനന്തവാടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടത്തിനോട് ചേര്‍ന്ന് ഒഴിഞ്ഞ് കിടന്ന സ്ഥലത്ത് മാതൃകാ റോഡ് നിര്‍മ്മിച്ചു. പിന്നീട് ടാറിംഗ് ചെയ്ത റോഡില്‍ സീബ്രാലൈനുകളുള്‍പ്പടെ വിവിധ അടയാളങ്ങള്‍ രേഖപ്പെടുത്തി. മനോഹരമായ രീതിയില്‍ രൂപകല്‍പ്പന ചെയ്ത ഇവിടം പ്രക്യതി യോടിണങ്ങുന്ന രീതിയില്‍ മണ്‍തിട്ടകള്‍ നില നിര്‍ത്തി പുല്‍ത്തകിടികളും പൂന്തോട്ടങ്ങളും നട്ടുപിടിപ്പിച്ചു. സ്വാഭാവികത നഷ്ടപ്പെടാതെ ഇവിടെയുണ്ടായിരുന്ന മരങ്ങളേപ്പോലും ഇവിടെ നിലനിര്‍ത്തുകയും ചെയ്തു.വാഹനമോടിക്കുന്നവരും യാത്രക്കാരും ഒരുപോലെ അനുസരിക്കേണ്ട ഗതാഗത നിയമങ്ങളേക്കുറിച്ച് കണ്ടും കേട്ടും പഠിക്കുകയെന്നതാണ് ലക്ഷ്യം.

റോഡില്‍ പാലിക്കേണ്ട നിയമങ്ങളെ കുറിച്ചും റോഡ് സുരക്ഷയെ കുറിച്ചും വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കാന്‍ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് അനുവദിച്ച 33 ലക്ഷം രൂപ ഉപയോഗിച്ചാണ് വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ട്രാഫിക് പാര്‍ക്ക് സജ്ജമാക്കിയത്. കെല്‍ട്രോണിന്റെ നേതൃത്വത്തിലായിരുന്നു നിര്‍മ്മാണം. സംസ്ഥാനത്ത് കണ്ണൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് സര്‍ക്കാര്‍ ട്രാഫിക് പാര്‍ക്ക് അനുവദിച്ചിരിക്കുന്നത്. ട്രാഫിക് സിഗ്നലുകള്‍, ദിശ സുചക ബോര്‍ഡുകള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍, വളവുകള്‍, സ്‌കൂള്‍ പരിസരം, ഹമ്പുകള്‍ തുടങ്ങി വാഹനയാത്രക്കാര്‍ക്ക് ആവശ്യമായി വരുന്ന എല്ലാ ബോര്‍ഡുകളും പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ വിഭാഗം ആളുകള്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍ക്കായി കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ സംവിധാനങ്ങളോട് കൂടിയ ക്ലാസ് മുറിയാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ പാര്‍ക്കിനോട് ചേര്‍ന്ന് സ്‌കൂളിന്റെ മതിലിലും മറ്റിടങ്ങളിലും ട്രാഫിക് നിയമ സന്ദേശങ്ങള്‍ നല്‍കുന്നതിനുള്ള കാര്‍ട്ടൂണുകളും വരച്ചും പാര്‍ക്കിലെ പുല്‍തകിടിയില്‍ മൃഗങ്ങളുടെ ശില്‍പങ്ങള്‍ നിര്‍മ്മിച്ചും പാര്‍ക്ക് നയന മനോഹരമാക്കിയിരിക്കുന്നു. ഇവിടെ തയ്യാറാക്കിരിക്കുന്ന ഇലക്ട്രോണിക് ട്രാഫിക് ക്ലാസ് റൂമില്‍ എല്‍.സി.ഡി സ്‌ക്രീന്‍ സൗകര്യവും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും ട്രാഫിക് പോലീസിന്റെയും സഹകരണത്തോടെ ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ആദ്യപടിയായി ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നല്‍കും. കഴിഞ്ഞ നവംമ്പറില്‍ പാര്‍ക്കിന്റ് എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും പാര്‍ക്ക് തുറന്ന് കൊടുത്തിട്ടില്ല. ഇപ്പോള്‍ വെയിലും മഴയുമെറ്റ് കിടക്കുകയാണ്. പാര്‍ക്ക് എന്ന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ടര്‍ വര്‍ക്ക് പോലും യാാതൊരു നിശ്ചയമില്ലെന്നതാണ് ഏറെ സങ്കടകരമായ വസ്തുത. ട്രാഫിക്ക് പാര്‍ക്ക് പ്രവര്‍ത്തനമാരംഭിക്കുന്നതിന് നടപടികള്‍ ഉണ്ടാവണമെന്നാണ് ആവശ്യം ഉയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!