ആര്‍.എ.ആര്‍.എസ് മുന്‍ മേധാവി ഡോ പി രാജേന്ദ്രന് യാത്രയയപ്പ് നല്‍കി

0

എടക്കല്‍ താഴ്വാരത്തിന്റെ സ്നേഹം നിറച്ച യാത്രയയപ്പ് ഏറ്റുവാങ്ങി ആര്‍.എ.ആര്‍.എസ് മുന്‍ മേധാവി ഡോ പി രാജേന്ദ്രന്‍. സര്‍വ്വീസില്‍ നിന്നും വിരമിച്ച രാജേന്ദ്രന് അമ്പലവയല്‍ പൗരാവലി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലവയല്‍ യൂണിറ്റ്, ആര്‍.എ.ആര്‍.എസ് സംരക്ഷണസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് യാത്രയയപ്പ് നല്‍കിയത്. ആര്‍.എ.ആര്‍.എസ് പരിസരത്ത് നിന്നും വാദ്യമേള അകമ്പടിയോടെയാണ് ഡോ പി രാജേന്ദ്രനെ യാത്രയയപ്പ് വേദിയായ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേക്ക് ആനയിച്ച് എത്തിച്ചത്. യോഗം പഞ്ചായത്ത് പ്രസിഡണ്ട് സീതാ വിജയന്‍ ഉദ്ഘാടനം ചെയ്തു. പൗരാവലിയുടെ ഉപഹാരവും പ്രസിഡണ്ട് രാജേന്ദ്രന് സമ്മാനിച്ചു. അമ്പലവയല്‍ ടൗണ്‍ ടീം വാട്സ് ആപ്പ് കൂട്ടായ്മ അംഗങ്ങളും എ.എഫ്.സി ക്ലബ്ബിന്റെ ഉപഹാരം ഭാരവാഹി പ്രദീപും അദ്ദേഹത്തിന് കൈമാറി. സംഘാടക സമിതി ചെയര്‍മാന്‍ എം.യു ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. വി ബാലസുബ്രഹ്മണ്യന്‍, അസൈനു, എ.പി കുര്യാക്കോസ്, എ.കെ അബ്ദുള്‍ ഹക്കീം, ടിഎ രാജഗോപാല്‍, കണക്കയില്‍ മുഹമ്മദ്, റഷീദ്, ഷെഫീഖ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ പി രാജേന്ദ്രന്‍ മറുപടി പ്രസംഗം നടത്തി. സംഘാടക സമിതി കണ്‍വീനര്‍ ഒ.വി വര്‍ഗീസ് സ്വാഗതം പറഞ്ഞു. 2013 ലാണ് ആര്‍.എ.ആര്‍.എസ് മേധാവിയായി ഡോ പി രാജേന്ദ്രന്‍ ചുമതലയേറ്റെടുത്തത്. ആര്‍.എ.ആര്‍.എസില്‍ കഴിഞ്ഞ നാല് വര്‍ഷത്തോളമായി നടത്തിയ പൂപ്പൊലി പുഷ്പമേള, ചക്ക മഹോത്സവം, ഓര്‍ക്കിഡ് ഫെസ്റ്റ്, ഫാഷന്‍ ഫ്രൂട്ട് ഫെസ്റ്റ്, കാര്‍ഷിക സെമിനാറുകള്‍ വൈവിദ്ധ്യമാര്‍ന്ന ഭക്ഷ്യസംസ്‌കരണ പദ്ധതികള്‍, നടീല്‍ വസ്തുക്കളുടെ ഉത്പാദനം തുടങ്ങിയവയുടെ അമരക്കാരനായിരുന്നു രാജേന്ദ്രന്‍. കാട് പിടിച്ച് കിടന്ന 250 വരുന്ന സ്ഥാപനത്തിന്റെ സ്ഥലം പൂര്‍ണ്ണമായും കൃഷിയോഗ്യമാക്കി അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് ജോലി നല്‍കാന്‍ കഴിഞ്ഞതിന് പിന്നിലെല്ലാം രാജേന്ദ്രന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ്. സ്ഥാപനത്തിലെ തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള സഹജീവനക്കാരുടെയും പ്രാദേശിക സമൂഹത്തിന്റെയും കാര്‍ഷിക സര്‍വ്വകലാശാല അധികാരികളുടെയും കേന്ദ്ര കേരള സര്‍ക്കാരുകളുടെയും പൂര്‍ണ്ണ പിന്തുണയോടെ ഡോ പി രാജേന്ദ്രന്‍ കൈവരിച്ച നേട്ടങ്ങള്‍ മാതൃകാപരമാണെന്ന് പൗരാവലി ചൂണ്ടിക്കാട്ടി. ഡോ രാജേന്ദ്രന്റെ ബഹുമുഖ പ്രതിഭയും നേതൃത്വപരമായ കഴിവും പരിഗണിച്ച് ഇന്ത്യയിലെ അതിവിശിഷ്ട വ്യക്തിത്വത്തിനുള്ള അംഗീകാരം നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. ഇതിന് പുറമേ മറ്റ് നിരവധി ദേശീയ സംസ്ഥാന അംഗീകാരങ്ങളും രാജേന്ദ്രനെ തേടിയെത്തിയിട്ടുണ്ട്. പല വിധ വിവാദങ്ങളും, തരംതാഴ്ത്തലും വേട്ടയാടിയപ്പോഴും ഉലയാതെ നിന്ന രാജേന്ദ്രന്‍ ഇക്കഴിഞ്ഞ ജനുവരിയാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!