കേബിള്‍ ടിവി ബ്രോഡ്ബാന്‍ഡ് സേവനങ്ങളില്‍ രൂപീകരിച്ചിട്ടുള്ള ക്ലസ്റ്ററുകള്‍ക്ക് പശ്ചാത്തല സൗകര്യ വികസനത്തിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സബ്സിഡി അനുവദിക്കണമെന്ന് കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വയനാട് ജില്ലയുടെ സാങ്കേതിക മേഖലയിലും വാര്‍ത്ത വിനിമയ മേഖലയിലും ഇന്റര്‍നെറ്റ് രംഗത്തും നിര്‍ണായക സ്വാധീനം ചെലുത്തിയ വയനാട് വിഷന്റെ നട്ടെല്ലാണ് സി.ഒ. എ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍. വീടുകളിലെ സ്വീകരണമുറികളില്‍ തികഞ്ഞ സാങ്കേതിക മികവോടെ ഇടതടവില്ലാതെ ടെലിവിഷന്‍ സിഗ്നലുകളും സാധാരണ ജനങ്ങള്‍ക്ക് ഉപകരിക്കും വിധം ഇന്റര്‍നെറ്റ് സേവനം നല്‍കിയ തികഞ്ഞ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്ന കേബിള്‍ ടി വി ഓപ്പറേറ്റര്‍മാര്‍ അംഗങ്ങളായ സി.ഒ. എ യുടെ പതിനാലാം വയനാട് ജില്ലാ സമ്മേളനമാണ് മുട്ടില്‍ കോപ്പര്‍ കിച്ചണ്‍ ഓഡിറ്റോറിയത്തില്‍ നടന്നത്. ജില്ലാ പ്രസിഡണ്ട് ബിജു ജോസ് പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനം തുടങ്ങിയത്.
തുടര്‍ന്ന് നടന്ന കണ്‍വെന്‍ഷന്‍ കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ബി. സുരേഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ബിജു ജോസിന്റെ നടന്ന കണ്‍വെന്‍ഷനില്‍ ജില്ലാ സെക്രട്ടറി പി. അഷ്റഫ് റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ സി.എച്ച്. അബ്ദുള്ള വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പൊതു ചര്‍ച്ചയില്‍ കെ.സി.സി.എല്‍. ചെയര്‍മാന്‍ കെ ഗോവിന്ദന്‍, സി.ഒ. എ സംസ്ഥാന വൈസ് പ്രസിഡണ്ട് എം. മന്‍സൂര്‍ , കെ.സി.സി.എല്‍. ഡയറക്ടര്‍ അനില്‍ മംഗലത്ത് എന്നിവര്‍ മറുപടി പറഞ്ഞു.
കെ.എസ്.ഇ.ബി പോസ്റ്റുകളുടെ വാടക കുറക്കണമെന്നും വയനാട്ടില്‍ രൂക്ഷമായ വന്യമ്യഗ ശല്യത്തിന് പരിഹാരം കാണണമെന്നും കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംരംഭത്തിന്റെ വൈവിധ്യ വല്‍ക്കരണത്തിന്റെ ഭാഗമായി ഈ വര്‍ഷം തന്നെ സി.ഒ. എയും കെ.സി.സി. എല്ലും ടൂറിസം മേഖലയിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കും. സ്വാഗത സംഘം കണ്‍വീനര്‍ അബ്ദുള്‍ അസീസ്, ജില്ലാ കമ്മിറ്റിയംഗം ജോമേഷ് എന്നിവര്‍ സംസാരിച്ചു.