സംസ്ഥാനത്ത് ഇന്ന് നാല് ലക്ഷം ഡോസ് കൊവിഡ് വാക്‌സിനുകള്‍ കൂടിയെത്തും

0

സംസ്ഥാനത്ത് ഇന്ന് നാല് ലക്ഷം ഡോസ് കൊവിഡ് വാക്‌സിനുകള്‍ കൂടിയെത്തും. സംസ്ഥാനത്തിന് ആശ്വാസമായി 4,06,500 ഡോസ് വാക്‌സിനുകള്‍ ആണ് ഇന്നെത്തുക. കൊവിഷീല്‍ഡ് വാക്‌സിനുകളാണ് കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിലും വാക്‌സിന്‍ വിതരണത്തിനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ നല്‍കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഇന്ന് 611 കേന്ദ്രങ്ങളിലാണ് മരുന്ന് വിതരണം നടക്കുക. തിരുവനന്തപുരത്ത് 1,38,000, എറണാകുളത്ത് 1,59,500, കോഴിക്കോട് 1,09,000 ഡോസ് വാക്‌സിനുകളുമാണ് എത്തുക. വാക്‌സിന്‍ വിതരണം വേഗത്തിലാക്കാന്‍ കൊവിഡ് മുന്‍നിര പോരാളികള്‍ക്ക് സ്‌പെഷ്യല്‍ ഡ്രൈവ് വഴി വാക്‌സിനുകള്‍ നല്‍കും. ഇന്ന് മുതല്‍ വിവിധ കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശം വരുന്നതനുസരിച്ച് 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും.

മുന്നൊരുക്കങ്ങള്‍ സംസ്ഥാനം ആരംഭിച്ചിട്ടുണ്ട്. 300 ഓളം സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ എടുക്കുവാനുള്ള സൗകര്യം ഒരുക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി. വാക്‌സിനേഷന്‍ പ്രക്രിയ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കൊവിഡ് മുന്നണി പോരാളികളുടേയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടേയും വാക്‌സിനേഷന്‍ വേഗത്തിലാക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!