പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ലക്ഷങ്ങള്‍ തട്ടിയ തൃശൂര്‍ സ്വദേശിയെ തലപ്പുഴ പോലീസ് പിടികൂടി
പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് വയനാട് സ്വദേശികളില്‍ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയ കേസില്‍ തൃശൂര്‍ സ്വദേശിയെ തലപ്പുഴ പോലീസ് പിടികൂടി. വാടാനപ്പള്ളി, കാരമുക്ക്, കൊള്ളന്നൂര്‍ വീട്ടില്‍ സിബിന്‍ കെ. വര്‍ഗീസി(33)നെയാണ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വച്ച് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ കെ.പി ശ്രീഹരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരവേ വിദേശത്തായിരുന്ന പ്രതി തിരികെ നാട്ടിലെത്തി തിരിച്ചു പോകുമ്പോഴാണ് പിടിയിലാകുന്നത്. തലപ്പുഴ, പേര്യ സ്വദേശിയായ മധ്യവയസ്‌കന്റെയും ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
2023 ഓഗസ്റ്റിലാണ് സംഭവം. ജോലി വാഗ്ദാനം ചെയ്ത് തലപ്പുഴ, പേര്യ സ്വദേശിയില്‍ നിന്ന് 2,50,622 രൂപയും, ഇദ്ദേഹത്തിന്റെ സുഹൃത്തില്‍ നിന്ന് 50000 രൂപയും പല തവണകളായി സിബിന്‍ കെ. വര്‍ഗീസ് വാങ്ങിയെങ്കിലും ജോലി തരപ്പെടുത്തി കൊടുക്കുകയോ വാങ്ങിയ തുക തിരികെ നല്‍കുകയോ ചെയ്തില്ല എന്നായിരുന്നു പരാതി. തലപ്പുഴ സബ് ഇന്‍സ്പെക്ടര്‍ എസ്.പി. ഷിബു, അസി. സബ് ഇന്‍സ്പെക്ടര്‍ ഷൈജു, സിവില്‍ പോലീസ് ഓഫീസറായ രാജേഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.