മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്
മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് ടൗണുകളില്‍ സ്ഥാപിച്ച മിനി എംസിഎഫിന്റെ പരിസരത്ത് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ 10000 രൂപ പിഴ ഈടാക്കാനുള്ള കര്‍ശന നടപടി സ്വീകരിക്കാന്‍ ആണ് പഞ്ചായത്ത് തീരുമാനം. പഞ്ചായത്ത് വിവിധ ഇടങ്ങളിലായി സ്ഥാപിച്ച 54 മിനി എംസിഎഫിന്റെ പരിസരങ്ങളിലും, ബോട്ടില്‍ ബൂത്തുകളുടെ പരിസരങ്ങളിലും ആണ് മാലിന്യങ്ങള്‍ കവറിലും മറ്റും കെട്ടി നിക്ഷേപിക്കുന്നത്.
എം സി എഫ് ബൂത്തുകളില്‍ പ്ലാസ്റ്റിക് കുപ്പികളും, ഹരിത കര്‍മ്മ സേന ശേഖരിക്കുന്ന അജൈവ വസ്തുക്കള്‍ ചാക്കില്‍ കെട്ടി സൂക്ഷിക്കേണ്ട ഇടത്താണ് വീടുകളില്‍ നിന്നും കടകളില്‍ നിന്നും മാലിന്യങ്ങള്‍ കവറുകളില്‍ കെട്ടിയും മറ്റും കൊണ്ടിടുന്നത്. ചില എംസിഎഫ് ബൂത്തുകളുടെ പരിസരങ്ങളില്‍ ഭക്ഷ്യവസ്തുക്കളുടെയും മറ്റും മാലിന്യങ്ങളും നിക്ഷേപിച്ചിട്ടുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഗ്രാമപഞ്ചായത്ത് കര്‍ശന നടപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇങ്ങനെ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി പതിനായിരം രൂപ പിഴ ഈടാക്കാനാണ് തീരുമാനം. പരിശോധന നടത്തി നോട്ടീസുകള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്.