മുതിര്‍ന്ന സി പി ഐ എം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 95 വയസായിരുന്നു. സിപിഐഎം കേന്ദ്രകമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കണ്‍വീനര്‍, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, 1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്സഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
എറണാകുളം മുളവുകാട് മാടമാക്കല്‍ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂണ്‍ 15ന് ജനനം. മാടമാക്കല്‍ മാത്യു ലോറന്‍സ് എന്നതാണ് ശരിയായ പേര്. എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് സ്‌കൂള്‍, മുനവുറല്‍ ഇസ്ലാം സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ലോറന്‍സ് പത്താം തരം വരെയെ പഠനം നടത്തിയുള്ളൂ.
1946ല്‍ 17ാം വയസിലാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായത്. എറണാകുളത്ത് തൊഴിലാളി വര്‍ഗപ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ഇറങ്ങിയ മുന്നണിപ്പോരാളിയായിരുന്നു. തുറമുഖ വ്യവസായ തൊഴിലാളികളെയും തോട്ടം തൊഴിലാളികളെയും അദ്ദേഹം യൂണിയനു വേണ്ടി സംഘടിപ്പിച്ചു. 1950ല്‍ അറസ്റ്റുചെയ്യപ്പെട്ട് കൊടിയ മര്‍ദനത്തിന് ഇരയായി. 22 മാസം ജയിലില്‍. പിന്നീട് പല ഘട്ടങ്ങളിലായി കരുതല്‍ത്തടങ്കലിലും മിസ തടവുകാരനായും മറ്റും ആറുവര്‍ഷത്തോളം ലോറന്‍സ് ജയില്‍വാസം അനുഭവിച്ചു.