ജനവാസ മേഖലയില്‍ കരിങ്കല്‍ ക്വാറി അനുവദിക്കരുതെന്ന് ചണ്ണോത്തൊല്ലി ഗ്രാമസഭാ യോഗം ഐക്യകണ്ഠേന പ്രമേയം പാസാക്കി. ക്വാറി വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ചണ്ണോത്തുകൊല്ലി ക്ഷീരസംഘം ഹാളില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രത്യേക ഗ്രാമസഭാ യോഗത്തിലാണ് തീരുമാനം. ക്വാറി ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ജനപ്രതിനിധികളും,സമരസമിതിയും നല്‍കിയ പരാതിയില്‍ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍ കളക്ടറില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നു.
ശിശുമലയോട് ചേര്‍ന്നുള്ള ചണ്ണോത്തുകൊല്ലിയില്‍ പുതിയ ക്വാറി വരുന്നതിന്റെ ആശങ്കകള്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്തു.ക്വാറി വിഷയത്തില്‍ ഗ്രാമപ്പഞ്ചായത്ത് ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍ യോഗത്തില്‍ പറഞ്ഞു. നിയമാനുസരണം, എല്ലാ രേഖകളുമായെത്തുന്ന അപേക്ഷകള്‍ക്ക് അനുമതി നല്‍കേണ്ടത് പഞ്ചായത്തിന്റെ ഉത്തരവാദിത്വമാണെന്നും ജനങ്ങളുടെ പരാതികളും പ്രതിഷേധങ്ങളും കണക്കിലെടുത്ത് ക്വാറിക്ക് നല്‍കിയ അനുമതി പത്രങ്ങള്‍ പുനപരിശോധിക്കാന്‍ അതത് ഓഫീസുകളിലേക്ക് അയച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
ചണ്ണോത്തുകൊല്ലിയില്‍ പുതിയ ക്വാറിക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതിനെതിരെ പഞ്ചായത്തിന്റെ ബോര്‍ഡ് യോഗത്തില്‍ സി.പി.എം. അംഗങ്ങള്‍ എതിര്‍ത്തിരുന്നതാണ്. ചണ്ണോത്തുകൊല്ലി വാര്‍ഡംഗം സി.പി.എം. പ്രതിനിധിയാണ്. എന്നാല്‍ പ്രത്യേക ഗ്രാമസഭാ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് അംഗങ്ങളും സ്വതന്ത്ര അംഗവുമെത്തിയിട്ടും സി.പി.എം. അംഗങ്ങള്‍ പങ്കെടുക്കാതിരുന്നത് നാട്ടുകാര്‍ക്കിടയില്‍ ചര്‍ച്ചയായി. വാര്‍ഡംഗം ജെസ്സി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ഷൈജു പഞ്ഞിത്തോപ്പില്‍, ജോസ് നെല്ലേടം, പി.കെ. ജോസ്, പുഷ്പവല്ലി നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചണ്ണോത്തുകൊല്ലിയിലെ ജനവാസ മേഖലയില്‍ ക്വാറി ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികള്‍ സംഘടിച്ച് ക്വാറി വിരുദ്ധ സമര സമിതി രൂപവത്കരിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോവുകയാണ്. ക്വാറി ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ജനപ്രതിനിധികളും, സമരസമിതിയും നല്‍കിയ പരാതിയില്‍ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍ കളക്ടറില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നു.