നെടുംപൊയില്‍-പേര്യ ചുരം റോഡില്‍ വിള്ളലുണ്ടായ ഭാഗം പുനര്‍നിര്‍മിക്കും
ചന്ദനത്തോട് എത്തുന്നതിനുമുമ്പുള്ള കണ്ണൂര്‍ ഭാഗത്തെ നൂറ് മീറ്റര്‍ റോഡാണ് പുനര്‍നിര്‍മിക്കുക.വിള്ളലിനെ തുടര്‍ന്ന് ഇതുവഴി ഗതാഗതം നിരോധിച്ചിട്ട് മുന്നാഴ്ചയായി. നാലുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.വയനാടിനെയും കണ്ണൂര്‍ ജില്ലയെയും ബന്ധിപ്പിക്കുന്ന നെടുംപൊയില്‍ -പേര്യ ചുരം റോഡില്‍ ജൂലൈ 30ന് രാത്രിയാണ് അപകടകരമായ വിള്ളല്‍ രൂപപ്പെട്ടത്.വയനാട് ജില്ലയില്‍ പ്രവേശിക്കുന്നതിന് മുമ്പുള്ള നൂറുമീറ്റര്‍ റോഡിലും റോഡരികിലും ഭൂമി വിണ്ടുമാറി.സുരക്ഷാഭിത്തിയിലും വിള്ളലുണ്ടായി.ആഴത്തിലുള്ള വിള്ളലായതിനാല്‍ അറ്റകുറ്റപ്പണി നടത്തി റോഡ് ഉപയോഗിനാവില്ലെന്ന് പൊതുമരാമത്ത് വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ജിയോളജിസ്റ്റുകളും പൊതുമരാമത്ത് വകുപ്പിലെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെയും സംഘങ്ങള്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം കാര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് പുനര്‍നിര്‍മിക്കാന്‍ തീരുമാനിച്ചത്.വിള്ളലുണ്ടായ ഭാഗത്തെ മണ്ണ് പൂര്‍ണമായും നീക്കും.സംരക്ഷണഭിത്തിയും പുനര്‍നിര്‍മിക്കും. അടിഭാഗം മുതല്‍ പ്രവൃത്തി നടത്തുന്നതിനാല്‍ ഗതാഗത നിരോധനം കുറച്ചുകാലം കൂടി തുടരും.സംരക്ഷണഭിത്തി നിര്‍മാണ ത്തിലെത്തുമ്പോള്‍ ചെറുവാഹനങ്ങള്‍ കടത്തിവിടാനാകുമോയെന്നും പരിശോധിക്കുന്നുണ്ട്.ആദ്യഘട്ടം പൂര്‍ത്തിയായ ശേഷമേ ഇത് പരിഗണിക്കു.
പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം കണ്ണൂര്‍ ഡിവിഷനുകീഴിലാണ് വിള്ളലുണ്ടായ ഭാഗം.രണ്ട് ഘട്ടങ്ങളായാണ് പ്രവര്‍ത്തികള്‍.റോഡില്‍ വിള്ളല്‍ രൂപപ്പെട്ടതോടെ ചുരത്തിനുതാഴെയുള്ള വീടുകളിലെ താമസക്കാരും അപകടഭീതിയിലാണ്. കൊട്ടിയൂര്‍ -പാല്‍ചുരം വഴിയാണ് ഇപ്പോള്‍ കണ്ണൂരില്‍നിന്ന് മാനന്തവാടിയിലേക്ക് വാഹനങ്ങള്‍ പോകുന്നത്.വീതി കുറഞ്ഞ റോഡായതിനാല്‍ ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. ഭാരവാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങുന്നതും പതിവാണ്.