ദേശീയ പാത 766 സുല്‍ത്താന്‍ ബത്തേരി ദൊട്ടപ്പന്‍ കുളത്ത് വാഹങ്ങള്‍ കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം. നിയന്ത്രണം വിട്ട് എത്തിയ ബൈക്കാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍. ബത്തേരിയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സടക്കം ആറുവാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഓട്ടോ ഡ്രൈവര്‍ സജി (36) പഴുപ്പത്തൂര്‍ കല്ലിങ്കല്‍ സീനത്ത് (44) , നരിക്കുണ്ട് പണ്ടാലത്ത് പറമ്പില്‍ അരുണ്‍ (23), കൃഷ്ണഗിരി ആടുകുഴിയില്‍ രതിഷ് (36) നായ്ക്കട്ടി പിലാക്കാവ് കോളനിയിലെ മാരി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
നായ്ക്കട്ടിയില്‍ നിന്ന് ഗര്‍ഭിണിയുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ആംബുലന്‍സില്‍ എതിരെവന്ന ബൈക്ക്ഇടിക്കുകയിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. തുടര്‍ന്ന് നിയന്ത്രണം വിട്ട ആംബുലന്‍സ് എതിരെ വന്ന രണ്ട് കാറുകളിലും ഒരു സ്‌കൂട്ടിയിലും ഓട്ടോറിക്ഷയിലും ഇടിച്ച ശേഷം പാതയോരത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് സമീപത്തെ വീടിന്റെ മതിലും തകര്‍ത്ത് മുറ്റത്തേക്ക് കയറിയാണ് നിന്നത്. പരുക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന ഗര്‍ഭിണി സുരക്ഷിതയാണ്. ഇവരെ താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.