കോവിഡ് വ്യാപനം കുറഞ്ഞതോടെ സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കുന്നു. 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ ഉച്ച വരെ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് നാളെ സ്‌കൂളുകള്‍ തുറക്കുക. കൂടാതെ ബാച്ചുകളാക്കി തിരിച്ച്, പകുതി കുട്ടികള്‍ മാത്രം നേരിട്ടെത്തുന്ന തരത്തിലാണ് ക്ലാസുകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് നേരിട്ടുള്ള ക്ലാസുകള്‍ക്കൊപ്പം ഡിജിറ്റല്‍-ഓണ്‍ലൈന്‍ ക്ലാസുകളും ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.ക്ലാസുകള്‍ വൈകിട്ട് വരെയാക്കുന്ന കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കും. മുഴുവന്‍ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയ ശേഷമേ മുഴുവന്‍ കുട്ടികളെയും ഒരുമിച്ച് സ്‌കൂളിലെത്തിക്കുന്നതിനുള്ള തീരുമാനമെടുക്കുകയുള്ളൂ എന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു.
സ്‌കൂളുകള്‍ക്കൊപ്പം തന്നെ സംസ്ഥാനത്തെ അങ്കണവാടികളും നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. വനിതാ ശിശുവികസന വകുപ്പാണ് നാളെ മുതല്‍ അങ്കണവാടികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്തത്. അങ്കണവാടികള്‍ തുടര്‍ച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ദോഷം ചെയ്യുമെന്നതിനാലാണ് ഇപ്പോള്‍ അങ്കണവാടികള്‍ തുറക്കാന്‍ തീരുമാനിച്ചത്.