മാറിയ കാലത്തിന്റെ മനസ്സറിഞ്ഞ് പാരമ്പര്യത്തനിമ നിലനിര്‍ത്തി അനുദിനം പരിഷ്‌കരിക്കപ്പെടുന്ന ഖാദി വസ്ത്രങ്ങള്‍ ജനകീയമാകണമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ പറഞ്ഞു. ഖാദി വസ്ത്രങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ആഴ്ചയില്‍ ഒരുദിവസം ഖാദി വസ്ത്രങ്ങള്‍ ധരിക്കണം. ‘ഖാദി പഴയതല്ല പുതിയതാണ്’ ക്യാമ്പെയിനില്‍ പുതിയ ഡിസൈന്‍ വസ്ത്രങ്ങള്‍ ഷോറൂമുകളില്‍ ലഭ്യമാണ്. ഈ സാമ്പത്തിക വര്‍ഷം ഖാദി തുണിത്തരങ്ങളുടെ 150 കോടിക്കുള്ള വിറ്റുവരമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം 60 കോടി രൂപയുടെ വിറ്റുവരവാണുണ്ടായത്. ആഘോഷ വേളകളില്‍ 30 ശതമാനം ഗവ. റിബേറ്റോടെ ഖാദി തുണിത്തരങ്ങള്‍ വാങ്ങാന്‍ അവസരമൊരുക്കും. ഇതിനായി സിിവില്‍ സ്റ്റേഷനിലും മിനി സിവില്‍ സ്റ്റേഷനിലും പ്രത്യേക വിപണന മേള നടത്തും. ഗവ. ജീവനക്കാര്‍ക്ക് ഒരുലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യവും ലഭിക്കും. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ സഹായത്തോടെ ഗ്രാമ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി എസ്.സി, എസ്.ടി സംരംഭകര്‍ക്ക് 40 ശതമാനവും മറ്റ് വിഭാഗക്കാര്‍ക്ക് 30 ശതമാനവും സബ്‌സിഡി നല്‍കുന്നുണ്ട്.
യോഗത്തില്‍ ഖാദി ബോര്‍ഡ് പ്രോജക്ട് ഓഫീസര്‍ പി. സുഭാഷ്, വില്ലേജ് ഇന്‍ഡസ്ട്രി ഓഫീസര്‍ എം. അനിത, ഖാദി ഭവന്‍ മാനേജര്‍ പി. ദിലീപ്, വിവിധ സര്‍വ്വീസ് സംഘടനാ പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.