പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ജസ്റ്റിസ് എ. ഹരിപ്രസാദ് കമ്മീഷന്‍ സിറ്റിംഗ് 29ന് തുടങ്ങും. എറണാകുളം തൃക്കാക്കരയില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ വിസിറ്റിംഗ് ഫാക്കല്‍റ്റി ഗസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന കമ്മീഷന്‍ ഓഫീസിലാണ് രാവിലെ 10 മുതല്‍ സിറ്റിംഗ്. സിദ്ധാര്‍ഥന്റെ അസ്വാഭാവിക മരണത്തില്‍ കോളജ് അധികൃതരുടെയും മറ്റും വീഴ്ച അന്വേഷിക്കുന്നതിന് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല നിയമപ്രകാരം ഗവര്‍ണര്‍ നിയോഗിച്ചതാണ് കമ്മീഷനെ.
കേസ് നിലവില്‍ അന്വേഷിക്കുന്ന സിബിഐ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കേരള ഹൈക്കോടതി റിട്ട.ജസ്റ്റിസാണ് എ. ഹരിപ്രസാദ്. ഹാജരാകുന്നതിന് സര്‍വകലാശാല വൈസ് ചാന്‍സലര്‍, കോളജ് ഡീന്‍, അസിസ്റ്റന്റ് വാര്‍ഡന്‍ തുടങ്ങിയവര്‍ക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. താത്പര്യമുള്ളവര്‍ക്ക് സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍, വെളിപ്പെടുത്തലുകള്‍, മൊഴികള്‍, തെളിവുകള്‍ എന്നിവ ഓഫീസില്‍ നേരിട്ടും താപാല്‍, മുഖേനയും ലഭ്യമാക്കുന്നതിന് കമ്മീഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ സിദ്ധാര്‍ഥനെ കണ്ടെത്തിയത്. സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനവും മാനസിക പീഡനവുമാണ് സിദ്ധാര്‍ഥനെ മരണത്തിലേക്ക് നയിച്ചതെന്നു രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 26, 27, 28, മാര്‍ച്ച് ഒന്ന് തീയതികളില്‍ യുജിസി ആന്റി റാംഗിംഗ് സ്‌ക്വാഡ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സ്റ്റാഫ് എന്നിവരുടെ മൊഴിയെടുത്തിരുന്നു. 97 പേരാണ് സ്‌ക്വാഡ് മുമ്പാകെ ഹാജരായത്. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ 20 വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.