പനമരം ബ്ലോക്ക് പഞ്ചായത്ത് ധനകാര്യ കമ്മീഷന്‍ ഗ്രാന്‍ഡ് ഉപയോഗിച്ച് 25 ലക്ഷം രൂപ ചെലവില്‍ പനമരം ബ്ലോക്ക് പഞ്ചായത്തിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലായി വാട്ടര്‍ എടിഎം സ്ഥാപിക്കുന്നു
കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ കമ്പളക്കാട് ബസ്റ്റോപ്പ്, പനമരം ഗ്രാമപഞ്ചായത്തില്‍ പനമരം ബസ് സ്റ്റാന്‍ഡ്, പൂതാടി ഗ്രാമപഞ്ചായത്തില്‍ പൂതാടി ഗ്രാമപഞ്ചായത്തിന് സമീപം, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ പുല്‍പ്പള്ളി ബസ്റ്റാന്‍ഡ്, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ പാടിച്ചിറ ടൗണ്‍ എന്നിവിടങ്ങളിലാണ് സ്ഥാപിക്കുന്നത്. പ്രവര്‍ത്തിയുടെ 90% നിര്‍മ്മാണം പൂര്‍ത്തിയായി. ഒരു രൂപ നിര്ക്കിലാണ് വെള്ളം ലഭിക്കുക.
പ്രവര്‍ത്തി മാര്‍ച്ച് 30മുന്‍പ് തന്നെ കമ്മീഷന്‍ ചെയ്യാനായിരുന്നു പനമരം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നത്..ഇതിനിടയില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനവും അതോടെ തിരഞ്ഞെടുപ്പും വന്നത് കാരണമാണ് പ്രവര്‍ത്തി നീണ്ടുപോയത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കഴിയുന്നതോടുകൂടി ഇതിന്റെ ഉദ്ഘാടനവും ഇതോടെ ഇതിന്റെ സേവനവും ഉപയോഗപ്പെടുത്തുന്നതിനാണ് ഭരണസമിതി തീരുമാനിച്ചിട്ടുള്ളത്.
പൊതുജനങ്ങള്‍ സ്ഥിരമായി വന്ന് ചേരുന്ന ബസ് സ്റ്റാന്‍ഡുകള്‍, ആശുപത്രി പരിസരം, പഞ്ചായത്ത് ഓഫീസ്, സ്‌കൂളുകള്‍. എന്നിവിടങ്ങള്‍ക്കു സമീപം ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിയാണ് വാട്ടര്‍ എ.ടി.എം മെഷീന്‍ സ്ഥാപിക്കല്‍ പ്രോജക്ട് കൊണ്ട് പനമരം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഉദ്ദേശിക്കുന്നത്.
വയനാട് ജില്ലയില്‍ ആദ്യമായി ഈ മെഷീന്‍ സ്ഥാപിക്കുന്നത് പനമരം ബ്ലോക്ക് ഭരണസമിതിയാണ്. അഞ്ചു പഞ്ചായത്തിലെ വിവിധ ടൗണുകളില്‍ ആണ് ഇപ്പോള്‍ ഇത് സ്ഥാപിക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് വാട്ടര്‍ എടിഎം വ്യാപിപ്പിക്കുന്നതിന് ഭരണസമിതി ലക്ഷ്യമെടുന്നു. ഒരു ലിറ്റര്‍ മിനറല്‍ വാട്ടറിനു കടകളില്‍ 20 രൂപ നല്‍കേണ്ടി വരുമ്പോള്‍ ഒരു രൂപ നിരക്കില്‍ അതേ ക്വാളിറ്റിയില്‍ ഉള്ള വെള്ളം വാട്ടര്‍ എടിഎമ്മിലൂടെ നല്‍കാന്‍ കഴിയും. ഇതുമൂലം ടൗണുകളില്‍ പ്ലാസ്റ്റിക് കുപ്പിയുടെ അനാവശ്യ വലിച്ചെറിയാന്‍ തടയാന്‍ സാധിക്കുന്നതോടൊപ്പം ചെറിയ തുകക്ക് ശുദ്ധമായ കുടിവെള്ളം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. വിവിധ കോയിനുകളും, ഫോണ്‍ പേ , ഗൂഗിള്‍ പേ, തുടങ്ങിയ UPI അക്കൗണ്ടുകള്‍ വഴിയും പൊതുജനങ്ങള്‍ക്ക് വെള്ളം ലഭ്യമാകും. ഓരോ തവണ വെള്ളം എടുക്കുമ്പോഴും തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ പേരും, ജല സരംക്ഷണത്തെ കുറിച്ചുള്ള ചെറിയ വോയ്സും ഇതിലൂടെ കേള്‍ക്കാന്‍ സാധിക്കും. ബ്ലോക്ക് പഞ്ചായത്തിലെ കീഴിലുള്ള ഗ്രാമപഞ്ചായത്തുകള്‍ നല്‍കിയ സ്ഥലത്താണ് ആദ്യഘട്ടത്തില്‍ 5 വാട്ടര്‍ എട്ടിഎമ്മുകള്‍ സ്ഥാപിക്കുന്നത്.