മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയിലും കെടുകാര്യസ്ഥതയിലും വികസന മുരടിപ്പിലും പ്രതിഷേധിച്ച് എല്‍.ഡി.എഫ്. മുള്ളന്‍കൊല്ലി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പദ്ധതി നടത്തിപ്പില്‍ വന്ന ഗുരുതരമായ വീഴ്ചകള്‍ പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനത്തെ താറുമാറാക്കിയെന്നും ആദിവാസികള്‍ അടക്കമുള്ള ജനവിഭാഗങ്ങള്‍ തീരാദുരിതത്തിലായെന്നും മാര്‍ച്ചില്‍ ആരോപിച്ചു.
തൊഴിലുറപ്പിലെ മെറ്റീരിയല്‍ കോസ്റ്റ് ഉപയോഗിച്ച് നടപ്പാക്കേണ്ട പദ്ധതികള്‍ പൂര്‍ണമായി നഷ്ടപ്പെടുത്തിയെന്നും പദ്ധതിയില്‍ 73 ശതമാനം മാത്രമാണ് ചെലവഴിച്ചതെന്നും ഇത് തുടര്‍വര്‍ഷങ്ങളില്‍ വികസന പദ്ധതികളെ ബാധിക്കുമെന്നും ഭരണ സമിതിയെ നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥ ഭരണമാണ് പഞ്ചായത്തില്‍ നടക്കുന്നതെന്നും സാധാരണ ജനങ്ങള്‍ക്ക് നീതി നിഷേധിക്കുന്ന സമീപനത്തില്‍ പ്രതിഷേധിച്ചായിരുന്നു സമരം.