‘അരങ്ങ് 24’; കുംടുംബശ്രീ ജില്ലാ കലോത്സവം
കുടുംബശ്രീ വയനാട് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ അയല്‍ക്കൂട്ട ഓക്‌സിലറി അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന കലോത്സവം അരങ്ങിന്റെ ജില്ലാ മത്സരങ്ങള്‍ മീനങ്ങാടി സെന്റ് പീറ്റേഴ്സ് ഹൈസ്‌കൂളില്‍ വെച്ച് ഈ മാസം 28, 29 തീയതികളിലായി നടക്കും. കൂടുംബശ്രീ രൂപീകരണത്തിന്റെ ഇരുപത്തിയാറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് അരങ്ങ് 24 എന്ന പേരില്‍ കലാമേള സംഘടിപ്പിക്കുന്ന തെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സുല്‍ത്താന്‍ ബത്തേരി, വൈത്തിരി, മാനന്തവാടി എന്നിങ്ങനെ മൂന്ന് ക്ലസ്റ്ററുകളില്‍ ആയി നടന്ന മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിച്ചവരാണ് ജില്ലയില്‍ മാറ്റുരക്കുന്നത്.
സ്റ്റേജിതര മത്സരങ്ങള്‍ 26 ന് എസ്.ഡി എം എല്‍ പി സ്‌കൂളില്‍ വെച്ച് നടക്കും. രണ്ട് വേദികളിലായി ഭരതനാട്യം, മോഹിനിയാട്ടം, കേരള നടനം, കുച്ചിപ്പുടി, സംഘ നൃത്തം, നാടന്‍പാട്ട്, ഒപ്പന, കവിതാലാപനം തുടങ്ങി നാല്‍പ്പത്തിയൊന്‍പത് ഇനങ്ങളിലായി അഞ്ഞൂറോളം പേര്‍ മത്സരത്തിന്റെ ഭാഗമാകും. കുടുംബശ്രീയിലെ പുതു തലമുറക്കാരായ ഓക്സിലറി അംഗങ്ങള്‍ പ്രത്യേക വിഭാഗത്തിലായാണ് മത്സരിക്കുന്നത്. അയല്‍ക്കൂട്ട വനിതകളുടെ കലാ കായിക അഭിരുചികള്‍ പുറത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടുംബശ്രീ അരങ്ങ് കലോത്സവം നടത്തി വരുന്നത്. അരങ്ങിന്റെ സംസ്ഥാന തലം ജൂണ്‍ 7, 8, 9 തീയതികളിലായി കാസര്‍ഗോഡ് പീലിക്കോട് വെച്ചാണ് നടക്കുന്നത്. കലോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഐ എ എസ് നിര്‍വഹിക്കും. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി കെ ബാലസുബ്രഹ്‌മണ്യന്‍, അസി. മിഷന്‍ കോര്‍ഡിനേറ്റര്‍ സെലീന കെ എം, ജില്ലാ പ്രോഗ്രാം മാനേജര്‍ ജയേഷ് വി. സുഹൈല്‍ പി കെ, വി കെ റെജീന എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.