കേരളത്തില്‍ 1 ലക്ഷത്തില്‍ 453 പേര്‍ക്ക് സാരമായ കേള്‍വി പ്രശ്‌നം; ശ്രദ്ധിക്കാതെ വിടരുതെന്ന് ആരോഗ്യമന്ത്രി

0

കരളത്തില്‍ ഒരു ലക്ഷത്തില്‍ 453 പേര്‍ സാരമായ കേള്‍വി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കേള്‍വിക്കുറവ് ബാധിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കുപ്രകാരം കേരളത്തില്‍ ഒരു ലക്ഷത്തില്‍ 453 പേര്‍ സാരമായ കേള്‍വി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 6.3 ശതമാനം ജനങ്ങള്‍ കേള്‍വി കുറവിനെ തുടര്‍ന്നുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന കേള്‍വിക്കുറവിനെ ചികിത്സിക്കണം. പ്രതിരോധിക്കാന്‍ കഴിയുന്ന കേള്‍വിക്കുറവിനെ യഥാസമയം പ്രതിരോധിക്കുകയും വേണമെന്ന് മന്ത്രി പറഞ്ഞു.

കുട്ടികളിലെ കേള്‍വിക്കുറവ് നേരത്തെ കണ്ടുപിടിക്കണം

കുട്ടികളിലെ കേള്‍വിക്കുറവ് എത്രയും നേരത്തെ കണ്ടുപിടിക്കണം. അതിന് വേണ്ട സമയത്ത് ചികിത്സ നല്‍കിയില്ലെങ്കില്‍ അതവരുടെ സംസാരഭാഷ വികസനത്തെയും വ്യക്തിത്വ വികാസത്തെയും ബാധിക്കും. ആവശ്യമായവര്‍ക്ക് കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ പോലെയുള്ള സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തി വേണ്ട സംസാരഭാഷാ പരിശീലനം സൗജന്യമായി സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നടത്തുന്നു.പ്രായാധിക്യം കൊണ്ടുള്ള കേള്‍വി കുറവാണ് വലിയൊരു ശതമാനത്തിനും. ഇത് വാര്‍ദ്ധക്യകാലത്തെ ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും ആക്കം കൂട്ടുന്നു. ഇങ്ങനെയുള്ളവരില്‍ കേള്‍വിക്കുറവ് കണ്ടുപിടിച്ച് അതിനനുസൃതമായ ഇടപെടലുകള്‍ നടത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!