സുരഭിക്കവലയില്‍ കടുവ

0

സുരഭിക്കവലയിലെ വീടുകള്‍ക്ക് സമീപം കടുവയെത്തി. ബുധനാഴ്ച രാവിലെ ആറ് മണിയോടെയാണ് കൊച്ചൂവീട്ടില്‍ ഷാജിയുടെ വീടിന് സമീപമാണ് കടുവയെ കണ്ടത്. ഷാജി രാവിലെ വീടിന് പുറത്തിറങ്ങിയപ്പോള്‍ വീടിന് സമീപത്തെ വഴിയിലാണ് കടുവയെ കണ്ടത്.കടുവ വീടുകള്‍ക്ക് സമീപത്തുകൂടി തോട്ടത്തിലേക്ക് ഓടിമറഞ്ഞു.വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

എന്നാല്‍ മണ്ണ് ഉണങ്ങിക്കിടന്നതിനാല്‍ കടുവയുടെ കാല്‍പ്പാട് അടക്കമുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല. നാട്ടുകാരുടെ ആവശ്യപ്രകാരം പ്രദേശത്ത് നിരീക്ഷണത്തിന് ക്യാമറകള്‍ സ്ഥാപിക്കാമെന്ന് വനപാലകര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയും സുരഭിക്കവലയില്‍ കടുവയെ കണ്ടിരുന്നു. രാത്രി റോഡ് മുറിച്ചുകടക്കുന്നതാണ് വഴിയാത്രക്കാര്‍ കണ്ടത്. കടുവയുടെ സാന്നിധ്യം പതിവായതോടെ കര്‍ഷകര്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. മേഖലയിലെ ഭൂരിഭാഗം ക്ഷീരകര്‍ഷകരുള്ള സ്ഥലമായതിനാല്‍ പുലര്‍ച്ചെ കര്‍ഷകര്‍ക്ക് വീടിന് പുറത്തിറങ്ങാന്‍പോലും കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ സുരഭിക്കവല, ഗ്രാമശ്രീക്കവല, ആലത്തൂര്‍, താന്നിത്തെരുവ് പ്രദേശങ്ങളില്‍ നിരവധിയാളുകളാണ് കടുവയെ കണ്ടത്.

വിളവെടുപ്പ് സീസണായതിനാല്‍ കൃഷിപ്പണിക്ക് കടുവാ പേടിമൂലം തൊഴിലാളികളെ കിട്ടാത്ത അവസ്ഥയാണ്. പ്രദേശത്ത് കാടുമൂടിക്കിടക്കുന്ന കൃഷിയിടങ്ങള്‍ വെട്ടിത്തെളിക്കണമെന്നാവശ്യപ്പെട്ട് നിരവധിതവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. അടിയന്തിരമായി കൂടുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി, കാടുമൂടിക്കിടക്കുന്ന സ്ഥലങ്ങളില്‍ തിരിച്ചില്‍ നടത്തുകയും ക്യാമറകള്‍ സ്ഥാപിച്ച് കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!