കടമാന്‍തോട് ഡാം പദ്ധതിയുടെ ലിഡാര്‍ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കടമാന്‍ തോട് ഡാം പദ്ധതിയുടെ അന്തിമ രൂപരേഖ തയ്യാറാക്കുന്നതിന് മുന്നോടിയായി ഡല്‍ഹി ആസ്ഥാനമായ സ്വകാര്യ കമ്പനി നടത്തിയ ലിഡാര്‍ സര്‍വേയുടെ റിപ്പോര്‍ട്ടാണ് ചൊവ്വാഴ്ച കാവേരി പ്രൊജക്ട് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. പദ്ധതി എത്രത്തോളം ജനങ്ങളെ ബാധിക്കും, എത്രപേരെ കുടിയൊഴുപ്പിക്കണം, ഏത്രയിടങ്ങളിലേക്ക് ജലമെത്തിക്കാന്‍ കഴിയും തുടങ്ങിയ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
ഈ റിപ്പോര്‍ട്ടില്‍ വിശധമായി പരിശോധിച്ച ശേഷം സര്‍വകക്ഷിയോഗത്തിന് മുന്നില്‍ അവതരിപ്പിക്കും.കടമാന്‍തോട് ഡാം പദ്ധതിയുടെ മുന്നോടിയായുള്ള പ്രധാനഘട്ടം ലൈഡാര്‍ സര്‍വേയായിരുന്നു. സര്‍വേയുടെ ഭാഗമായി അണക്കെട്ട്, വൃഷ്ടിപ്രദേശം, പദ്ധതിയുടെ ഗുണഫലം ലഭിക്കുന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലായി ഗ്രൗണ്ട് കണ്‍ട്രോള്‍ പോയിന്റുകള്‍ മാര്‍ക്ക് ചെയ്തിരുന്നു. ചുവപ്പും വെള്ളയും നിറത്തില്‍ അടയാളപ്പെടുത്തിയത് റിസര്‍വോയറിന്റെ അതിര്‍ത്തികളാണ്. ജലമെത്തിക്കേണ്ട സ്ഥാനങ്ങള്‍ കറുപ്പും വെള്ളയും നിറത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഗ്രൗണ്ട് കണ്‍ട്രോള്‍ പോയിന്റുകള്‍ കേന്ദ്രീകരിച്ച് ലൈഡാര്‍ ഘടിപ്പിച്ചുള്ള ഡ്രോണ്‍ ഉപയോഗിച്ചുള്ള ആകാശ സര്‍വേയായിരുന്നു അവസാനഘട്ടം. ആകാശ സര്‍വേയിലൂടെയാണ് പ്രദേശത്തിന്റെ ഭൂഘടന, കെട്ടിടങ്ങള്‍, റോഡുകള്‍, തോടുകള്‍, കൃഷിസ്ഥലങ്ങള്‍, ആയക്കെട്ട് ഏരിയ തുടങ്ങിയ വേര്‍തിരിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചത്. ജല വിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ഡെല്‍ഹി ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയാണ് സര്‍വേ നടത്തിയത്.