മലയോര ഹൈവേയുടെ പ്രവൃത്തി പുരോഗമിക്കുന്നു

0

മാനന്തവാടി നഗരത്തില്‍ മലയോര ഹൈവേയുടെ പ്രവൃത്തി പുരോഗമിക്കുന്നു.എരുമത്തെരുവില്‍ നിലവിലുള്ള റോഡ് പൂര്‍ണമായും കിളച്ചു മാറ്റുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടത്തുന്നത്.ഇവിടെ വലിയ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നതിനാല്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.എരുമത്തെരുവ് മത്സ്യമാര്‍ക്കറ്റ് മുതല്‍ മാനന്തവാടി ജോസ് തിയേറ്റര്‍ കവല വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുക.

 

ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ ഓവുചാലുകളുടെ പണി ഇനിയും പൂര്‍ത്തിയാക്കാനുണ്ട്.എരുമത്തെരുവ് മുതല്‍ ഗാന്ധിപാര്‍ക്ക് വരെ റോഡു മുഴുവനായും അടച്ചിട്ടുകൊടുത്താല്‍ ജനുവരി 10-നകം റോഡുപണി ടൗറിങ് ഉള്‍പ്പെടെ പൂര്‍ണമായും പൂര്‍ത്തിയാക്കാമെന്ന് കരാറുകാര്‍ അറിയിച്ചിട്ടുള്ളത്.

1…കണിയാരം ഭാഗത്തുനിന്ന് ടൗണിലേക്ക് വരുന്ന വാഹനങ്ങള്‍ എരുമത്തെരുവില്‍ പ്രവേശിക്കാതെ ചെറ്റപ്പാലം ബൈപ്പാസ് വഴിടൗണിലെത്തണം. മാനന്തവാടി ടൗണില്‍ നിന്ന് കണ്ണൂര്‍, തലപ്പുഴ ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ ചൂട്ടക്കടവ് വഴി കടന്നു പോകണം

വടക്കേ വയനാടിനെയും തെക്കേ വയനാടിന്റെയും ബന്ധിപ്പിക്കുന്നതാണ് മലയോര ഹൈവേ. ബോയ്സ് ടൗണില്‍ നിന്നാരംഭിച്ച് തലപ്പുഴ-മാനന്തവാടി നഗരം വഴി കോഴിക്കോട് റോഡിലൂടെ നാലാംമൈല്‍-പനമരം-പച്ചിലക്കാട് വരെയും, വാളാട് മുതല്‍ കുങ്കിച്ചിറ വരെയും ഉള്ള റോഡുകളാണ് മലയോര ഹൈവേ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ബോയ്സ് ടൗണ്‍ മുതല്‍ മാനന്തവാടി ഗാന്ധിപാര്‍ക്ക് വരെ 13 കിലോമീറ്റര്‍ ദൂരവും മാനന്തവാടിയില്‍ നിന്ന് പച്ചിലക്കാട് വരെ 19.5 കിലോമീറ്റര്‍ ദൂരവുമാണുള്ളത്. വാളാട് മുതല്‍ കുങ്കിച്ചിറ വരെയുള്ള 10 കിലോമീറ്റര്‍ ദൂരവും മലയോര ഹൈവേ പദ്ധതിയിലുള്‍പ്പെടും. മലയോര ഹൈവേയുടെ ഭാഗമായി മാനന്തവാടി മണ്ഡലത്തില്‍ 42.5 കിലോമീറ്റര്‍ ദൂരത്തിലാണ് റോഡു വികസിപ്പിക്കുന്നത്. പദ്ധതിക്ക് കിഫ്ബി 106 കോടി രൂപ സഹായധനമാണ് അനുവദിച്ചത്.

ഓവുചാലുകളുകളുടെയും കലുങ്കുകളുടെയും പണി 2024 ഏപ്രില്‍ 10-നകം റോഡ് പണി പൂര്‍ത്തിയാക്കാനുള്ള ഉടമ്പടിയാണ് കരാറുകാര്‍ വെച്ചിട്ടുള്ളത്. റോഡുവീതി കൂട്ടി ഓവുചാല്‍ നിര്‍മിക്കാന്‍ ചിലര്‍ ഇനിയും സ്ഥലം വിട്ടു നല്‍കാനുണ്ട്. ഇതിനു അനുമതി ലഭിച്ചാല്‍ ഈ പണി സമയത്തിനു തന്നെ പൂര്‍ത്തിയായേക്കും. നഗരത്തിലെ ടാറിങ് ഉള്‍പ്പെടെയുള്ള പ്രവൃത്തി പൂര്‍ത്തിയായാല്‍ വ്യാപാരികള്‍ക്കും പൊതുജനത്തിനും ഏറെ ആശ്വാസമാകും. നഗരഭാഗത്തിലെ റോഡിന്റെ പ്രവൃത്തി വേഗംതന്നെ പൂര്‍ത്തിയാക്കണമെന്നാണ് വ്യാപാരികളും ആവശ്യപ്പെടുന്നത്. മാനന്തവാടി നഗരത്തിലെത്തുന്നവര്‍ ഇപ്പോള്‍ പൊടിശല്യത്താല്‍ പൊറുതിമുട്ടുകയാണ്.

ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു വിളിച്ചുചേര്‍ത്ത യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ. രത്നവല്ലി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, സ്ഥിരംസമിതിയധ്യക്ഷ ലേഖാ രാജീവന്‍, കൗണ്‍സിലര്‍ ഷിബു കെ. ജോര്‍ജ്, മാനന്തവാടി തഹസില്‍ദാര്‍ എം.ജെ. അഗസ്റ്റിന്‍, ഡിവൈ.എസ്.പി. പി.എല്‍. ഷൈജു, പി.ഡബ്ല്യു.ഡി. അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സ്‌നേഹ ബാബു, എല്‍.എസ്.ജി.ഡി. അസി. എക്‌സി. എന്‍ജിനീയര്‍ ദൊരൈസ്വാമി, കേരള റോഡ് ഫണ്ട് ബോര്‍ഡ് അസി. എന്‍ജിനീയര്‍ നീതു സെബാസ്റ്റ്യന്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്രൊജക്ട് എന്‍ജിനീയര്‍ പി. മുഹമ്മദ് ഷമീം, സൈറ്റ് എന്‍ജിനീയര്‍ കുമാരന്‍ തീക്കുനി, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ഉസ്മാന്‍, എം.പി. ശശികുമാര്‍, പി.യു. സന്തോഷ് കുമാര്‍, സന്തോഷ് ജി. നായര്‍, കെ. സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു

 

Leave A Reply

Your email address will not be published.

error: Content is protected !!